
കീവ്: നാറ്റോക്ക് (NATO) പിന്നാലെ, റഷ്യക്കെതിരെ (Russia) സൈനിക നീക്കത്തിനില്ലെന്ന് അമേരിക്കയും (America) പ്രഖ്യാപിച്ചതോടെ കൂടുതല്‍ ഒറ്റപ്പെട്ട് യുക്രൈന്‍ (Ukraine). അമേരിക്കയും സൈനിക നീക്കത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ റഷ്യന്‍ സൈന്യത്തെ ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണ് യുക്രൈന്‍. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യക്കെതിരെ സംയുക്ത സൈനിക നീക്കം ആവശ്യമില്ലെന്നാണ് നാറ്റോയുടെ നിലപാട്. സമാനനിലപാട് അമേരിക്കയും പ്രഖ്യാപിച്ചതോടെ റഷ്യക്കെതിരെയുള്ള യുദ്ധമുഖത്ത് യുക്രൈന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നാറ്റോയുടെ അംഗരാജ്യങ്ങളില്‍ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനിക സഹായം നല്‍കുമെങ്കിലും നാറ്റോ സംഘടന എന്ന നിലയില്‍ സഹായം ഉടനൊന്നും നല്‍കിയേക്കില്ല. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ വരുതിയിലാക്കാമെന്നാണ് അമേരിക്കയും നാറ്റോയും പ്രതീക്ഷിക്കുന്നത്.
കടുത്ത സാമ്പത്തിക ഉപരോധമാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചുമത്തുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും അമേരിക്കയും റഷ്യക്ക് സാമ്പത്തികമടക്കം കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. റഷ്യക്കെതിരെ സംയുക്തസൈനികനീക്കം നടത്തുമെന്ന് നാറ്റോയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് മറ്റൊരു ലോകയുദ്ധത്തിന് കാരണമാകുമെന്ന് വിദേശകാര്യവിദഗ്ധര്‍ നിരീക്ഷിക്കുന്നു.റഷ്യ ആക്രമിച്ചാല്‍ നാറ്റോയും അമേരിക്കയും രക്ഷക്കെത്തുമെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ പ്രതീക്ഷ. എന്നാല്‍, നാറ്റോയും അമേരിക്കയും സൈനികമായി കൈവിട്ടതോടെ പ്രസിഡന്റും ഒറ്റപ്പെട്ടു.
അതേസമയം, മറ്റെല്ലാ തരത്തിലുമുള്ള പിന്തുണ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. റോമിലെ കൊളോസിയത്തില്‍
യുക്രൈന്‍ പതാകയുടെ നിറങ്ങളില്‍ അലങ്കാര ദീപങ്ങള്‍ തെളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യുക്രൈന് പിന്തുണയുമായാണ്
നീലയും മഞ്ഞയും നിറങ്ങളിലുള്ള ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചത്. ബ്രസല്‍സിലെ യൂറോപ്യന്‍ കമ്മീഷന്‍ കെട്ടിടത്തിലും
യുക്രൈന്‍ പതാകയുടെ നിറങ്ങളില്‍ ദീപാലങ്കാരമൊരുക്കി. റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ധാരണയിലെത്തിയ
യോഗം നടന്നതിന് മുന്നോടിയായാണ് യുക്രൈന് ഐക്യദാര്‍ഢ്യവുമായി ദീപങ്ങളൊരുക്കിയത്. യോഗത്തിനെത്തിയ ചില രാഷ്ട്ര നേതാക്കളും
ഐക്യദാര്‍ഢ്യം സൂചിപ്പിച്ച് മഞ്ഞയും നീലയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്. ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലെ വാര്‍സോയിലും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു.. യുക്രൈനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം നടന്നു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രകടനം നടന്നത്. ബള്‍ഗേറിയ, റൊമാനിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് ശ്രമിച്ച 1700 പേര്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.