Ukraine Crisis : ചെർണോബിൽ ആണവനിലയം പിടിച്ച് റഷ്യ, സൈന്യം കാവൽ, ഉദ്ദേശ്യമെന്ത്?

Published : Feb 25, 2022, 10:07 AM IST
Ukraine Crisis : ചെർണോബിൽ ആണവനിലയം പിടിച്ച് റഷ്യ, സൈന്യം കാവൽ, ഉദ്ദേശ്യമെന്ത്?

Synopsis

വ്യാഴാഴ്ച രാത്രിയോടെ റഷ്യ ചെർണോബിൽ ആണവനിലയം കീഴടക്കി ഉദ്യോഗസ്ഥരെ ബന്ദികളാക്കിയെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ നടുക്കിയ, സോവിയറ്റ് യൂണിയന്‍റെ പതനത്തിന് വലിയൊരു കാരണമായ ചെർണോബിൽ ഇനിയെന്തിനാണ് റഷ്യയ്ക്ക്?

കീവ്/ ചെർണോബിൽ: ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെർണോബിൽ ആണവനിലയം പിടിച്ചടക്കി റഷ്യ. റഷ്യൻ സൈന്യം ആണവനിലയത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ആണവനിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയെന്നാണ് റിപ്പോർട്ടുകൾ. 

നിലവിൽ ലോകത്തെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് മേഖല കൂടിയാണ് ചെർണോബിൽ. ലോകത്തെ നടുക്കിയ ആണവദുരന്തം നടന്ന, സോവിയറ്റ് യൂണിയന്‍റെ പതനത്തിന് വലിയൊരു കാരണമായ ചെർണോബിൽ ഇനിയെന്തിനാണ് റഷ്യയ്ക്ക്? 

ആക്രമണത്തിന് റഷ്യയ്ക്ക് ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന ബെലാറസിൽ നിന്ന് കീവിലേക്ക് ഏറ്റവുമെളുപ്പം എത്താനാകുന്നത് ചെർണോബിൽ വഴിയാണ്. ബെലാറസിൽ റഷ്യൻ സൈന്യം കച്ച കെട്ടി നിൽക്കുകയാണ്. അവർക്ക് കീവിലേക്ക് ഏറ്റവുമെളുപ്പം അധിനിവേശം നടത്താനാകുന്ന വഴി ചെർണോബിലാണ്. 

റഷ്യൻ സൈന്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം കീവ് ആക്രമിച്ച് കീഴടക്കുകയെന്നതാണ്. അതിനാൽത്തന്നെ ബെലാറസിൽ അതിർത്തിയിൽ തയ്യാറായി നിൽക്കുന്ന റഷ്യൻ സൈന്യത്തിന് കീവിലേക്കുള്ള വഴി സുഗമമാക്കാൻ ചെർണോബിൽ പിടിച്ചേ തീരൂ. അതല്ലാതെ ചെർണോബിലിന് സൈനികപരമായി യാതൊരു പ്രത്യേകതയുമുണ്ടായിട്ടല്ല റഷ്യ ആണവനിലയത്തെ ലക്ഷ്യമിടുന്നതെന്ന് മുൻ യുഎസ് ആർമി സ്റ്റാഫ് ചീഫ് ജാക്ക് കീൻ നിരീക്ഷിക്കുന്നു. ചെർണോബിൽ റഷ്യ പിടിച്ചെന്ന് ഇതുവരെ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുക്രൈൻ ഇക്കാര്യം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 

 യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് വെറും 108 കിലോമീറ്റർ മാത്രമാണ് ചെർണോബിലിലേക്കുള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ്, 1986 ഏപ്രിലിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പൊട്ടിത്തെറിച്ചത്. സ്ട്രോൻഷ്യം, സീസിയം, പ്ലൂട്ടോണിയം എന്നിവയുടെ വികിരണം അന്നത്തെ യുക്രൈൻ, ബെലാറസ്, റഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിതച്ചത് വലിയ പാരിസ്ഥിതികപ്രത്യാഘാതമാണ്.

 ചെർണോബിൽ ദുരന്തം ലോകത്തിന്‍റെ മനഃസാക്ഷിക്കേറ്റ ഏറ്റവും വലിയ ആഘാതം കൂടിയായിരുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു എന്നതിനേക്കാൾ, ഒരു ലക്ഷത്തോളം പേർ ലോകത്തെമ്പാടും കാൻസർ ബാധിച്ച് മരിക്കാൻ കാരണമാവുകയും ചെയ്തു ഈ ദുരന്തം. ആദ്യം ഇത്തരത്തിൽ ഒരു ദുരന്തം സംഭവിച്ചുവെന്ന് തന്നെ സ്ഥിരീകരിക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിച്ചു. പിന്നീട് ഈ ദുരന്തത്തിന്‍റെ വ്യാപ്തി ലോകമറിഞ്ഞപ്പോൾ അത് സോവിയറ്റ് യൂണിയന്‍റെ പതനത്തിന് തന്നെ ഒരു കാരണമായി. മിഖായേൽ ഗോർബച്ചേവ് എന്ന സോവിയറ്റ് ഭരണാധികാരിയുടെ പ്രതിച്ഛായക്ക് ഏറ്റ ഏറ്റവും വലിയ ആഘാതമായി. 

ദുരന്തം നടന്ന് ആറ് മാസത്തിനകം 'സാക്രോഫാഗസ്' എന്ന പേരിൽ റിയാക്ടർ മൂടാനും അന്തരീക്ഷത്തിൽ വികിരണം തുടരുന്നത് തടയാനുമുള്ള പദ്ധതിയൊരുങ്ങി. 2016-ൽ ഈ സുരക്ഷാകവചം പുനർനിർമിക്കുകയും ചെയ്തു. 

നിലവിൽ യുക്രൈനിലെ മറ്റ് നാല് ആണവനിലയങ്ങൾ സുരക്ഷിതമായി പ്രവർത്തിക്കുന്നു. ചെർണോബിലിലെ ആണവഅവശിഷ്ടങ്ങൾ അവിടെത്തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലിലെ ആണവഅവശിഷ്ടങ്ങൾ സുരക്ഷിതമായിത്തന്നെ തുടരുമോ എന്ന ആശങ്കയും നാറ്റോ രാജ്യങ്ങളടക്കം ഉന്നയിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്