
യുക്രൈനിൽ റഷ്യയുടെ കടന്നുയറ്റത്തിനിടെ വീണ്ടും ഓർമ്മകളിലും ചർച്ചകളിലും സജീവമാകുന്നത് സോവിയറ്റ് യൂണിയൻ പിടിക്കാൻ ഹിറ്റ്‍ലർ നടത്തിയ അധിനിവേശമാണ്. റഷ്യയുടെ ഇപ്പോഴത്തെ കടന്നുകയറ്റത്തെ 80 വർഷം മുൻപ് യുക്രൈൻ മണ്ണ് നേരിട്ട ദുരന്തങ്ങളോട് ചേർത്തുവെക്കുകയും ഉപമിക്കുകയുമാണ് യുക്രൈൻ രാഷ്ട്രീയ നേതൃത്വം.
അന്ന് അഡോൾഫ് ഹിറ്റ്ലർ. ഇന്ന് വ്ലാദിമിർ പുടിൻ. ചരിത്രമാവർത്തിക്കുന്നുവെന്നാണ് റഷ്യൻ അധിനിവേശത്തെ യുക്രൈൻ ലളിതമായി വരച്ചു വെയ്ക്കുന്നത്. യുറോപ്പ് കണ്ട വലിയ ഭീകരനെ ഓടിച്ച മണ്ണാണിത്. ഇപ്പോൾ വന്ന ഭീകരനെയും ഓടിക്കും. കീവിൽ റഷ്യ തകർത്ത ടിവി ടവറിൽ നിന്നാണ് ഏറ്റവുമൊടുവിലായി പഴയ നാസി കുരുതികളുടെ ചർച്ചകളുയരുന്നത്. 80 വർഷം മുൻപ് നാസികൾ കൂട്ടക്കൊല ചെയ്ത 33,000ത്തിലധികം ജൂതരുടെ സ്മാരകം നിലകൊള്ളുന്ന ബബിൻയാർ മേഖലയിലാണ് ആക്രമണം നടന്നതെന്ന് കുറിച്ച് 'അന്ന് ഹിറ്റ്ലർ. ഇന്ന് പുടിൻ' എന്ന ആഖ്യാനമുറപ്പിക്കുന്നത് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ.
കിഴക്കൻ യുറോപ്പ് പിടിക്കാൻ മോഹിച്ച നാസി പടയോട്ടത്തിനും, നവ നാസിസത്തെ ഇല്ലാതാക്കാൻ ഇപ്പോൾ എതിർദിശയിൽ പുടിൻ നടത്തുന്ന അധിനിവേശത്തിനും നിരവധി സാമ്യങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ഓപ്പറേഷൻ ബാർബഡോസയെന്ന പേരിൽ ബ്ലിറ്റ്സ്ക്രീഗെന്ന ചരിത്രത്തിലെ ഏറ്റവും വലിയ നശീകരണ യുദ്ധമുറയെ അതിജയിച്ചതാണ് റഷ്യൻ പാരമ്പര്യമെന്നതാണ് ഇപ്പോൾ നവനാസികളെ ഇല്ലാതാക്കാനിറങ്ങുന്ന പുടിന്റെ മനസ്സിൽ.
അന്ന് റെഡ് ആർമിക്ക് കരുത്തായത് പിന്നിൽ എണ്ണം കൊണ്ട് ജർമ്മൻ സാങ്കേതിക ശേഷിയെ മറികടന്ന, പിന്നിൽ അണിനിരന്ന പൗരന്മാർ കൂടിയായിരുന്നു. ഇന്ന് റഷ്യ കടന്നു കയറുമ്പോൾ റഷ്യയുടെ സാങ്കേതികശേഷിക്ക് മുന്നിൽ യുക്രൈനും കരുത്ത് ആയുധമെടുത്ത പൗരന്മാരുടെ എണ്ണം തന്നെ. അന്ന്, കിഴക്കൻ യൂറോപ്പിൽ ജർമൻ വംശജർ വേട്ടയാടപ്പെടുന്നുവെന്നതായിരുന്നു ഹിറ്റ്‍ലറുടെ ന്യായം. ഇന്ന് , ഡോൺബാസ് മേഖലയിലടക്കം റഷ്യൻ അനുകൂലികളെ യുക്രൈൻ അടിച്ചമർത്തുന്നുവെന്നത് പുടിന്റെ ന്യായം.
മഞ്ഞും മഴയും ചേർന്ന് കുഴഞ്ഞ ചെളിയിലാണ് അന്ന് കിഴക്കൻ യൂറോപ്പിലേക്ക് കുതിച്ച ജർമ്മൻ ടാങ്കുകൾ പെട്ടുപോയത്. ഇന്നും യുക്രൈനിൽ മഞ്ഞു വീഴുന്നുണ്ട്. പക്ഷെ റഷ്യൻ ടാങ്കുകൾ മുന്നോട്ടാണ്. അന്നുമിന്നും നാസി വിരുദ്ധതയിൽ യുക്രൈനോട് വിശ്വാസം പോര റഷ്യക്കെന്നത് ചരിത്രം. ലോകത്തെ ശാക്തിക ചേരികളുടെയെല്ലാം പങ്കാളിത്തമുണ്ടായിരുന്നു രണ്ടാം ലോകമഹായുദ്ധ കാലത്ത്. ഇന്നും ശാക്തിത ചേരികൾ യുക്രൈന് ചുറ്റും മുഖാമുഖം നിൽക്കുന്നു.
Read more: വിദേശികള്‍ക്ക് യുക്രൈനില്‍ വിസയില്ലാതെ വന്ന് റഷ്യയ്ക്കെതിരെ പോരാടാം ; ചെയ്യേണ്ടത് ഇത്
കേവലം യാദൃശ്ചികതകൾക്കും സാമ്യങ്ങൾക്കുമപ്പുറം സങ്കീർണമാണ് നിലവിലെ പ്രശ്നം എങ്കിലും, രണ്ടിലും വലിയ നഷ്ടങ്ങളനുഭവിച്ച, ഇപ്പോഴുമനുഭവിക്കുന്ന ഭൂമിയെന്ന വലിയ യാഥാർത്ഥ്യമായി യുക്രൈൻ മണ്ണ് ലോകത്തിന് മുന്നിൽ നിൽക്കുന്നു. കണ്ണീരോടെ. ഒന്നുകൂടി. ലോകം കണ്ട ഏറ്റവും വലിയ ആൾനാശങ്ങളിലും സൈനിക നാശങ്ങളിലും ഒന്നും, ചരിത്രഗതിയെ സ്വാധീനിച്ചതുമായിരുന്നു 1945ലേത്. 2022ലേത് അങ്ങനെ പടരാതിരിക്കട്ടെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam