ടെൽ അവീവ്: ഗാസ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ചൊവ്വാഴ്ച കൈമാറിയ മൃതദേഹങ്ങളിൽ ഒന്നിന് ബന്ദികളിലൊരാളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിൽ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ചൊവ്വാഴ്ച നാല് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്. തിങ്കളാഴ്ച 20 ജീവനുള്ള ബന്ദികളെ വിട്ടയച്ചതിന് പിന്നാലെ നാല് മൃതദേഹങ്ങൾ കൈമാറിയിരുന്നു. ആകെ മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച ലഭിച്ച നാല് മൃതദേഹങ്ങളിൽ രാത്രി വൈകി നടത്തിയ ഫോറൻസിക് പരിശോധനകൾക്ക് ശേഷം, അവയിലൊന്ന് ബന്ദികളുമായി പൊരുത്തപ്പെടുന്നില്ല എന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. മരിച്ച ബന്ദികളെ തിരികെ നൽകാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ഹമാസ് നടത്തേണ്ടതുണ്ടെന്നും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം തിങ്കളാഴ്ച മുതൽ ഹമാസ് ജീവനുള്ള 20 ഇസ്രായേൽ ബന്ദികളെയും എട്ട് മൃതദേഹങ്ങളുമാണ് കൈമാറിയതെന്ന് എഎഫ്‍പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരു നേപ്പാളി പൗരനും ആറ് ഇസ്രായേലികളും തിരിച്ചറിയാത്ത ഒരു മൃതദേഹവും ഉൾപ്പെടുന്നു. ഇതിന് പുറമെ ഇസ്രായേൽ കൈമാറിയ 45 പലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഗാസയിലെ ആശുപത്രിക്ക് ലഭിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണമെന്ന കരാർ വ്യവസ്ഥകൾ ഹമാസ് പൂർണ്ണമായും പാലിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഇതിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല, അവസാനത്തെ മരിച്ച ബന്ദിയെ തിരികെ കൊണ്ടുവരുന്നത് വരെ ഞങ്ങളുടെ ശ്രമങ്ങൾ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാർ ലംഘനം ആരോപിച്ചും പ്രതികരണം
ജീവനുള്ളവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും തിങ്കളാഴ്ചയോടെ കൈമാറണമെന്നാണ് യുഎസ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് നടന്നില്ലെങ്കിൽ, മരിച്ച ബന്ദികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ കൈമാറാൻ ശ്രമിക്കുകയും ചെയ്യണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുൻപ് നടന്ന വെടിനിർത്തൽ സമയത്തും ഹമാസ് ഇസ്രായേലിന് തെറ്റായ മൃതദേഹം കൈമാറിയിരുന്നു. ഷിരി ബിബാസ്, അവരുടെ രണ്ട് മക്കൾ എന്നിവരുടെ മൃതദേഹങ്ങൾ കൈമാറിയെന്ന് ഹമാസ് പറഞ്ഞിരുന്നെങ്കിലും, അതിലൊന്ന് ഒരു പലസ്തീൻ വനിതയുടേതാണെന്ന് പരിശോധനയിൽ തെളിഞ്ഞത് ഇസ്രായേലികൾക്ക് കടുത്ത വേദനയുണ്ടാക്കി. ബിബാസിന്‍റെ മൃതദേഹം ഒരു ദിവസത്തിന് ശേഷം തിരിച്ചറിഞ്ഞിരുന്നു.
വെടിനിർത്തൽ കരാർ പ്രകാരം മൃതദേഹങ്ങൾ കൈമാറാൻ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് ഹമാസ് വക്താവ് ഹാസെം കാസെം ടെലഗ്രാം സന്ദേശത്തിലൂടെ പ്രതികരിച്ചു. ചൊവ്വാഴ്ച കിഴക്കൻ ഗാസ സിറ്റിയിലും റഫായിലും ഇസ്രായേൽ വെടിവെപ്പ് നടത്തിയത് കരാർ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സൈന്യം കരാറിൽ പറഞ്ഞിട്ടുള്ള വിന്യാസ രേഖകൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും, ഈ അതിർത്തിയിലേക്ക് അടുക്കുന്ന ആരെയും ലക്ഷ്യമിടുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ചില തീവ്രവാദികൾക്ക് നേരെ വെടിവെച്ചതിന് അദ്ദേഹം ഇത് കാരണമായി ചൂണ്ടിക്കാട്ടി.