ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി; ബലൂണിനെക്കുറിച്ച് ബൈഡന് അറിയാമായിരുന്നെന്ന് വിമർശനം -വീഡിയോ

By Web TeamFirst Published Feb 5, 2023, 5:47 AM IST
Highlights

മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂൺ കടുത്ത ആശങ്കയാണ് ഉയർത്തിയത്. ജനവാസമേഖലയിലൂടെ സഞ്ചരിച്ചുക്കുമ്പോൾ വെടിവച്ചാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്.

വാഷിങ്ടൺ: യുഎസ് ആകാശത്തെത്തിയ ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി. സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ പ്രവേശിച്ചപ്പോഴാണ് അമേരിക്കൻ സൈന്യം യുദ്ധ വിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തിയത്.  പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്നാണ് ശനിയാഴ്ച്ച ഉച്ചക്ക് ബലൂണിനെ തകർത്തത്. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും. 

 യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റിയാണ് ബലൂൺ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം. ബലൂൺ വെടിവച്ചു വീഴ്‌‍ത്താൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 

മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂൺ കടുത്ത ആശങ്കയാണ് ഉയർത്തിയത്. ജനവാസമേഖലയിലൂടെ സഞ്ചരിച്ചുക്കുമ്പോൾ വെടിവച്ചാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വെടിവെപ്പ് വൈകിയത്. ബലൂൺ കടലിന് മീതെ പ്രവേശിച്ചയുടൻ വെടിവെക്കാൻ അനുമതി ലഭിച്ചു. 

അതേസമയം, ബലൂണിനെത്തുറിച്ച്  യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുൻപ് ബൈഡന് അറിയാമായിരുന്നെന്നും അക്കാര്യം അദ്ദേഹം മറച്ചുവച്ചെന്നും ആരോപണമുയർന്നു. ബലൂൺ വിവാ​ദത്തെ തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു. 

 

Another video footage of Chinese spy balloon shot down over the U.S. airspace. pic.twitter.com/tluWe4K52f

— Clash Report (@clashreport)

 

ചൈനയുടെ ചാരബലൂൺ ലാറ്റിൻ അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വക്താവ് പാറ്റ് റൈഡർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചാരബലൂണിനെ അമേരിക്കൻ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോൾ നിരീക്ഷിച്ചു വരികയാണ്. ആദ്യ ചാര ബലൂൺ കണ്ടെത്തിയ മൊണ്ടാന പൊതുവിൽ ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സൈനികപരമായി യുഎസിന് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്.

ലാറ്റിൻ അമേരിക്കയിലും ചൈനീസ് ചാരബലൂൺ

click me!