Asianet News MalayalamAsianet News Malayalam

ലാറ്റിൻ അമേരിക്കയിലും ചൈനീസ് ചാരബലൂൺ...

പൊതുസുരക്ഷ കണക്കിലെടുത്താണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ബലൂണുകൾ വെടിവെച്ച് ഇടാനുള്ള ശ്രമം താൽക്കാലികമായി ഉപേക്ഷിച്ചത്. എന്നാൽ, ഇവ കർശനമായ നിരീക്ഷണത്തിന് കീഴിലാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പെന്റഗൺ അറിയിച്ചു.

Chinese surveillance balloon transiting Latin America rlp
Author
First Published Feb 4, 2023, 3:49 PM IST

ചൈനയുടെ ചാരബലൂൺ ലാറ്റിൻ അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗൺ വക്താവ് പാറ്റ് റൈഡർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയിലെ മോണ്ടാനയിലാണ് ആദ്യത്തെ ചാര ബലൂൺ കണ്ടെത്തിയത്. അതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ ലാറ്റിൻ അമേരിക്കയിലും കണ്ടെത്തിയിരിക്കുന്നത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചാരബലൂണിനെ അമേരിക്കൻ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോൾ നിരീക്ഷിച്ചു വരികയാണ്. മൂന്നു ബസുകളുടെ വലിപ്പമാണ് ഈ ചൈനീസ് ചാര ബലൂണിന് ഉള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ തന്റെ ചൈന സന്ദർശനം മാറ്റിവച്ചു.

സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏതു രാജ്യത്തിനു മുകളിലൂടെയാണ് ഇപ്പോൾ ബലൂൺ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. ആദ്യ ചാര ബലൂൺ കണ്ടെത്തിയ മൊണ്ടാന പൊതുവിൽ ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മോണ്ടാനയിലെത്തുന്നതിനു മുൻപ് കാനഡയിലും ബലൂൺ കണ്ടിരുന്നതായി അവിടത്തെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സൈനികപരമായി യുഎസിന് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. 

ചൈന യുഎസ് വ്യോമാതിർത്തി ലംഘിച്ചതിനെ കുറിച്ച് പ്രസിഡന്റ് ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം  സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. പൊതുസുരക്ഷ കണക്കിലെടുത്താണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ബലൂണുകൾ വെടിവെച്ച് ഇടാനുള്ള ശ്രമം താൽക്കാലികമായി ഉപേക്ഷിച്ചത്. എന്നാൽ, ഇവ കർശനമായ നിരീക്ഷണത്തിന് കീഴിലാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പെന്റഗൺ അറിയിച്ചു.

ബലൂൺ ഇപ്പോൾ വിമാനപാതകൾക്കും മുകളിൽ 80,000 മുതൽ ഒരു ലക്ഷം വരെ അടി ഉയരത്തിൽ ആണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. യുഎസ് യുദ്ധവിമാനങ്ങൾ ഇതിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കുറച്ചുദിവസത്തേക്ക് ഇത് അമേരിക്കൻ ആകാശത്തുണ്ടായിരിക്കും എന്ന് തന്നെയാണ് പ്രാഥമിക നിഗമനം.
 

Follow Us:
Download App:
  • android
  • ios