
വാഷിങ്ടൺ : യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മേധാവി ലെഫ്റ്റനന്റ് ജനറൽ ജെഫ്രി ക്രൂസിനെ പുറത്താക്കി. യു.എസ്. പ്രതിരോധ സെക്രട്ടറി പിറ്റെ ഹെഗ്സെത്താണ് ജെഫ്രി ക്രൂസിനെയും രണ്ട് സീനിയർ ഉദ്യോഗസ്ഥരെയും പുറത്താക്കി ഉത്തരവിട്ടത്. ക്രൂസിനെ കൂടാതെ, യുഎസ് നേവൽ റിസർവ്സ് മേധാവി വൈസ് അഡ്മിറൽ നാൻസി ലാകോറിനെയും മിൽട്ടൺ സാൻഡ്‌സിനെയും പുറത്താക്കി. പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയത്
ട്രംപ് പ്രധാന സൈനിക വിജയമായി അവതരിപ്പിച്ച ഇറാൻ ആക്രമണം പൂർണ്ണ വിജയം അല്ലെന്ന് ക്രൂസിൻ്റെ ഏജൻസിയായ ഡിഐഎ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് മൂന്ന് പേരെയും പുറത്താക്കിയത്. യുഎസ് ആക്രമണം ഇറാൻ്റെ ആണവ പദ്ധതിയെ ഏതാനും മാസത്തേക്ക് മാത്രമേ വൈകിപ്പിച്ചതേയുള്ളൂ എന്നായിരുന്നു ഡിഐഎ വിലയിരുത്തൽ. എന്നാൽ ഇറാൻ്റെ ആണവ ശേഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു ട്രംപിൻ്റെ വാദം. പെന്റഗണും വൈറ്റ് ഹൌസും പുറത്താക്കൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോർ
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി 38 കാരനായ സെർജിയോ ഗോറിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. അധിക തീരുവ പ്രശ്നത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഉലഞ്ഞതിന് പിന്നാലെയാണ് അംബാസഡർ പദവിയിലെ മാറ്റം. ദക്ഷിണ - മധ്യേഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ദൂതനായും ചുമതലയുണ്ട്. ട്രംപിൻ്റെ ഉറ്റ സുഹൃത്തും വർഷങ്ങളായി സന്തത സഹചാരിയും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനൊപ്പം ഉണ്ടായിരുന്നയാളും ട്രംപിൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പങ്കുവഹിച്ചയാളുമാണ് സെർജിയോ ഗോർ.