
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഭ്യന്തര പദ്ധതികൾക്കുള്ള ധന വിനിയോഗ ബിൽ ജനപ്രതിനിധി സഭ പാസാക്കി. 215-214 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ബിൽ പാസായത്. ബില്ലിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു. ഇനി സെനറ്റ് അംഗീകാരം നേടുക എന്നതാണ് അടുത്ത കടമ്പ. സമ്പന്നർക്ക് നികുതി ഇളവ് ലഭ്യമാക്കുന്ന ബില്ലിൽ സൈന്യത്തിനും അതിർത്തിയിലെ ആവശ്യങ്ങൾക്കും കൂടുതൽ പണം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം, ചെലവ് കുറയ്ക്കാൻ മെഡികെയ്‌ഡ്, ഭക്ഷണ സഹായ പദ്ധതികൾ, വിദ്യാഭ്യാസം, ശുദ്ധഊർജ പരിപാടികൾ തുടങ്ങിയവ വെട്ടിച്ചുരുക്കും.
കേവലം മൂന്ന് സീറ്റുകളുടെ ഭൂരിപക്ഷം മാത്രമുള്ള സഭയിൽ ട്രംപിന്‍റെ പ്രധാന നിയമനിർമ്മാണ മുൻഗണനകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ധാരണയിലെത്താൻ കഴിയുമോ എന്ന ചര്‍ച്ചയ്ക്ക് കൂടിയാണ് അവസാനമായത്. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും നിറവേറ്റണമെങ്കില്‍ ബില്‍ പാസാകേണ്ടത് അത്യാവശ്യമായിരുന്നു. വ്യക്തികൾക്കും കോർപ്പറേഷനുകൾക്കുമുള്ള നികുതി ഇളവുകൾ ദീർഘിപ്പിക്കുക, ജോ ബൈഡന്‍റെ ഭരണകാലത്ത് നടപ്പിലാക്കിയ ശുദ്ധ ഊർജ്ജ പ്രോത്സാഹനങ്ങൾ നിർത്തലാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ടിപ്സ്, ഓവർടൈം, കാർ ലോൺ പലിശ എന്നിവയ്ക്കുള്ള നികുതി ഇളവുകളും ഇത് നൽകുന്നു. കൂടാതെ, കുട്ടികൾക്കായി 'ട്രംപ് അക്കൗണ്ടുകൾ' തുറക്കുന്ന മാതാപിതാക്കൾക്ക് 1,000 ഡോളർ വാഗ്ദാനം ചെയ്യുകയും മുതിർന്ന നികുതിദായകർക്കുള്ള കിഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ട്രംപ് അധികാരത്തിൽ തുടരുന്നിടത്തോളം കാലം മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.
മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനും, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്നതിനുള്ള പുതിയ ജീവനക്കാർക്കും സൗകര്യങ്ങൾക്കുമായി ഈ ബിൽ പണം അനുവദിക്കുന്നുണ്ട്. ചെലവുകൾ നികത്തുന്നതിനായി ദരിദ്രർക്കും ഭിന്നശേഷിക്കാരായ അമേരിക്കക്കാർക്കും ആരോഗ്യ സംരക്ഷണം നൽകുന്ന മെഡികെയർ, സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP) എന്നിവയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാനും പുതിയ തൊഴിൽ ആവശ്യകതകൾ ഏർപ്പെടുത്താനും റിപ്പബ്ലിക്കൻ പാർട്ടി അംഗീകാരം നൽകിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുമെന്ന് വിലയിരുത്തലുകളും വന്നിരുന്നു.