
വാഷിംഗ്ടൺ: സൗദി അറേബ്യയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക. സൗദിയിലുള്ള അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥർ തായിഫ്, യാൻബു എന്നീ നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകൾ നടത്തുന്നതിന് ഇനി മുതൽ പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ നിയന്ത്രണങ്ങളെന്ന് സൗദിയിലെ യുഎസ് മിഷൻ എക്സിലൂടെ അറിയിച്ചു.
രാജ്യത്തുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും യുഎസ് മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ പൗരന്മാർക്കുള്ള സാധാരണ കോൺസുലാർ സേവനങ്ങളും അടിയന്തര സേവനങ്ങളും മുടങ്ങില്ലെന്നും അധികൃതർ അറിയിച്ചു.
സൗദിയിലുള്ള അമേരിക്കക്കാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യണമെന്ന് യുഎസ് മിഷൻ നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കുക, മൊബൈൽ ഫോണുകൾ എപ്പോഴും ചാർജ് ചെയ്ത് സൂക്ഷിക്കുക, സൗദി അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ. വ്യോമാക്രമണം ഉണ്ടായാൽ ജനലുകൾക്കും ചില്ലുവാതിലുകൾക്കും അടുത്തുനിന്ന് മാറിനിൽക്കണമെന്നും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
നിലവിൽ സൗദി അറേബ്യയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 'ലെവൽ 3' ജാഗ്രതാ നിർദേശമാണ് അമേരിക്ക നൽകിയിട്ടുള്ളത്. ഇറാൻ പിന്തുണയുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ, സായുധ സംഘർഷങ്ങൾ, തീവ്രവാദം എന്നിവ ചൂണ്ടിക്കാട്ടിയാണിത്. യെമൻ അതിർത്തി പ്രദേശം, ജിസാൻ, അസീർ, നജ്റാൻ, ഖത്തീഫ് തുടങ്ങിയ സ്ഥലങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ യാത്രാ നിയന്ത്രണങ്ങളുണ്ട്.
യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ അടുത്തിടെ വലിയ രീതിയിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. റിയാദിന് നേരെ വന്ന ഒരു ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന തകർത്തു. ഇതിന് പുറമെ ബിഷ്, തായിഫ്, ഫറസാൻ, യാൻബു എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയും ആക്രമണ ശ്രമങ്ങൾ നടന്നു.
ഈ സാഹചര്യത്തിൽ സൗദിയിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ച വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് സൗദി അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. റിയാദ് വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേൾക്കുകയും പുക ഉയരുകയും ചെയ്തെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam