
വാഷിംഗ്ടൺ: അമേരിക്കയിലെ ടെന്നസിയിൽ മുത്തശ്ശനെയും മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയേയും പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായകൾ കടിച്ചുകീറി കൊലപ്പെടുത്തി. 50 വയസ്സുകാരനായ ജെയിംസ് അലക്സാണ്ടർ സ്മിത്തിനേയും പിഞ്ചുകുഞ്ഞിനേയുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം വളർത്തിയിരുന്ന പിറ്റ്ബുള്ളുകളാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇവ അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്ന് അയൽവാസികൾ വിശദീകരിച്ചു. ഏഴ് നായ്ക്കളാണ് ഇവരെ ആക്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പൊലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവെച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.