
മോസ്കോ: യുഎസ് സൈന്യത്തിൻ്റെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റഷ്യയിൽ ഇറങ്ങിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24ൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, യുഎസ് വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റർ III വിമാനമാണ് മോസ്കോയിലെ വനുക്കോവോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. യുക്രൈനിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് യുഎസ് - റഷ്യ ബന്ധം വഷളായതിനിടെ ആണ് യുഎസ് വിമാനം മോസ്കോയിൽ ഇറങ്ങുന്നത്. വിമാനത്തിൻ്റെ ലാൻഡിങ്ങിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റഷ്യയുടെ പ്രതികരണം.
യൂറോപ്യൻ രാജ്യമായ ലാത്വിയയിലെ റിഗയിൽനിന്ന് റഷ്യൻ സമയം രാവിലെ 8:50ന് പുറപ്പെട്ട യുഎസ് വിമാനമാണ് രാവിലെ 10 മണിയോടെ വനുക്കോവോ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. സൈനികരുടെ ദീർഘയാത്രകൾക്കും സൈനിക ഉപകരണങ്ങൾ കൊണ്ടുവരുന്നതിനും പ്രത്യേകം രൂപകൽപന ചെയ്തതാണ് കൂറ്റൻ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ. 77,500 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുള്ള ഇവയുടെ നീളം 53 മീറ്ററമാണ്. യുഎസ് സൈനിക വിമാനം അപ്രതീക്ഷിതമായി റഷ്യയിൽ ഇറങ്ങിയതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ സജീവമായിട്ടുണ്ട്.
An unusual visitor to Moscow this morning. 👀
A US Air Force C-17A Globemaster III flew from Riga to Moscow Vnukovo Airporthttps://t.co/D7vylYesDQ pic.twitter.com/jXbOSj0LXM— Flightradar24 (@flightradar24) August 25, 2026
നയതന്ത്രപരമായ ചർച്ചകൾക്കോ അല്ലെങ്കിൽ തടവുകാരെ കൈമാറുന്നതിനോ ഉള്ള സാധ്യതകളിലേക്കാണ് ഊഹാപോഹങ്ങളിൽ ചിലത് വിരൽ ചൂണ്ടുന്നത്. ഓഗസ്റ്റ് ആദ്യവാരം മുൻ യുഎസ് മറൈൻ ഉദ്യോഗസ്ഥനായ റോബർട്ട് ഗിൽമാനെ മോചിപ്പിച്ചതും ഈ വർഷം ആദ്യം നടന്ന സമാനമായ കൈമാറ്റങ്ങളും ഇതിന് അടിവരയിടുന്നു. റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്കായി രഹസ്യ നയതന്ത്ര ചാനൽ തുറന്നിരിക്കാനുള്ള സാധ്യതയും ചിലർ തള്ളിക്കളയുന്നില്ല. അതേസമയം ഈ ആഴ്ച യുഎസ് പ്രതിനിധികളുമായി ചർച്ച നടത്താൻ ഒരു പദ്ധതിയുമില്ലെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് അറിയിച്ചു.
യുഎസിലെ മേരിലാൻഡിലുള്ള ക്യാമ്പ് സ്പ്രിങ്സ് വ്യോമതാവളത്തിൽനിന്ന് ഈ മാസം 23നാണ് വിമാനം റിഗയിൽ എത്തിയത്. ക്യാമ്പ് സ്പ്രിങ്സ് വ്യോമതാവളത്തിൽ തന്നെയാണ് യുഎസ് പ്രസിഡൻ്റും ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്ന ജോയിൻ്റ് ബേസ് ആൻഡ്രൂസും സ്ഥിതിചെയ്യുന്നത്. എന്നാൽ ക്യാമ്പ് സ്പ്രിങ്സിലെ സി-17 വിമാനത്തിൻ്റെ സാന്നിധ്യം ഉന്നത യുഎസ് ഉദ്യോഗസ്ഥൻ യാത്രയാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരിക്ക് ശേഷം ആദ്യമായാണ് യൂറോപ്പിൽനിന്ന് റഷ്യയിലേക്ക് ഒരു യുഎസ് വിമാനം എത്തുന്നത്. ജനുവരിയിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി സമാധാന ചർച്ച നടത്താനായി പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവൻ വിറ്റ്കോഫും ജാരെഡ് കുഷ്നറും റഷ്യയിൽ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam