'ദൈവത്തിന് നന്ദി പറയേണ്ട ദിനം, തീവ്രവാദവും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേത്'; ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ സംസാരിച്ച് ട്രംപ്

Published : Oct 13, 2025, 05:15 PM IST
Donald Trump and Benjamine Nethanyahu

Synopsis

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു.

ടെൽ അവീവ്: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്. മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുമെന്നും തീവ്രവാദവും മരണവും അവസാനിച്ചു. ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇസ്രയേലിന്‍റേയും മിഡിൽ ഈസ്റ്റിന്റെയും സുവർണ കാലമാണ് വരുന്നതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ നെതന്യാഹുവിനെ പുകഴ്ത്തുകയും ചെയ്തു.യുദ്ധങ്ങൾ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞ ട്രംപ് ഒക്ടോബർ ഏഴിലുണ്ടായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും വ്യക്തമാക്കി.

ടെൽ അവിവ് ബീച്ചിൽ 'നന്ദി ട്രംപ്' (Thank you trump) എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിനെ സ്വീകരിച്ചത്. പാര്‍ലമന്‍റിനെ അഭിസോബോധന ചെയ്തതിന് ശേഷം ട്രംപ് ബന്ദികളുടെ കുടുംബങ്ങളെയും സന്ദർശിക്കും. അതിനുശേഷം ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പങ്കെടുക്കും. കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടി നടക്കുന്ന ഷാം അൽ ഷെയ്കിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു. എന്നാൽ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചിരുന്നു.

യുദ്ധത്തിനൊടുവിൽ സമാധാനം

എഴുപതിനായിരം പേരുടെ ജീവനെടുത്ത ഇസ്രയേൽ ഹമാസ് സംഘർഷത്തിന് വിരാമമിട്ട് ബന്ദി മോചനവും വെടിനിർത്തലും. സമാധാന കരാറിന്‍റെ ഭാഗമായി ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ ആദ്യ സംഘത്തെ മോചിപ്പിച്ചു. 2 വർഷമായി തടവിലായിരുന്ന ഏഴുപേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചത്. ഇവരെ റെഡ് ക്രോസിന് കൈമാറി. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. ഇവരെ ഇന്ന് തന്നെ മോചിപ്പിക്കും. സമാധാന കരാറിന്‍റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും. പലസ്തീനി തടവുകാർ ബസുകളിൽ മോചന സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം, ഇസ്രയേൽ സൈന്യം പിന്മാറിയ ഗാസ സിറ്റിയിൽ ഹമാസും പ്രാദേശിക സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ഹമാസ് വിട്ടയക്കുന്നവരെ കാത്ത പ്രിയപ്പെട്ടവര്‍ ടെൽഅവീവില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഹമാസ് വിട്ടയച്ച ഏഴ് ഇസ്രയേൽ ബന്ദികളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. റെഡ് ക്രോസ് സംഘമാണ് ബന്ദികളെ സ്വീകരിച്ചത്. സമാധാന നിമിഷം ആഘോഷമാക്കാൻ ട്രംപ് ഇസ്രയേലിൽ എത്തി. സമാധാനം ശാശ്വതമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം