
ന്യൂയോർക്ക്: മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ തനിക്ക് സാധിച്ചേക്കില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ യുദ്ധം, സമാധാന ചർച്ചകൾ തുടങ്ങിയ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാണ് വിവാഹത്തിൽ പങ്കെടുക്കാനാകുമോ എന്ന കാര്യത്തിൽ സംശയമെന്ന് ട്രംപ് പറയുന്നു. എന്നാൽ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. 'ഞാൻ വിവാഹത്തിന് എത്തണമെന്ന് അവന് വലിയ ആഗ്രഹമുണ്ട്. ചെറിയ സ്വകാര്യ ചടങ്ങാണ് നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ ഇറാനിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയ നല്ലൊരു സമയമല്ലിത്, അവർക്ക് മികച്ചൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ'– മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി.
'യുദ്ധം പ്രതിസന്ധിയിലായ സമയത്തു താൻ കല്യാണത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ അതെങ്ങനെ ചിത്രീകരിക്കുമെന്നതിനെക്കുറിച്ച് തനിക്കു ബോധ്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 'ഒരിക്കലും ജയിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണിത്. ഞാൻ വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അവർ എന്നെ കുറ്റപ്പെടുത്തും. വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങളാണിത് ചെയ്യുക, താൻ ഏത് നിലപാടെടുത്താലും മാധ്യമങ്ങൾ വേട്ടയാടും'- ട്രംപ് കുറ്റപ്പെടുത്തി. ഈയാഴ്ചയാണ് 48 കാരനായ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹം. ആഡംബര റിയൽ എസ്റ്റേറ്റ് ശൃംഖലയായ ‘ദി ട്രംപ് ഓർഗനൈസേഷന്റെ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ട്രംപ് ജൂനിയർ. ബെറ്റിന ആൻഡേഴ്സനാണു വധു.
ബഹാമാസിൽ വെച്ച് നടക്കുന്ന മെമ്മോറിയൽ ഡേ വാരാന്ത്യത്തിലാണ് ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും മോഡലായ ബെറ്റിന ആൻഡേഴ്സന്റെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇറാനുമായുള്ള കടുത്ത അന്താരാഷ്ട്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വൈറ്റ് ഹൗസിൽ നടത്താനിരുന്ന വിവാഹ ചടങ്ങുകൾ പിന്നീട് ബഹാമാസിലെ സ്വകാര്യ ദ്വീപിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോടിക്കണക്കിന് അമേരിക്കക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ബഹാമാസിലെ ആഡംബര ചടങ്ങുകളിൽ പ്രസിഡന്റ് പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലും ട്രംപിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam