പാകിസ്ഥാൻ വ്യോമസേന ഇന്റലിജൻസ് ഡയറക്ടറേറ്റ് ഗ്രൂപ്പ് ക്യാപ്റ്റനായ അസിം താരീഖ് ആണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ അതീവ സുരക്ഷാമേഖലകളിലൊന്നായ ഇസ്ലാമാബാദിലെ വ്യോമസേന ആസ്ഥാനത്തിന് സമീപത്തുള്ള ഷഹീൻ ചൗക്കിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ഇസ്ലാമാബാദ്: യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പാക് വ്യോമസേന ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാൻ വ്യോമസേന ഇന്റലിജൻസ് ഡയറക്ടറേറ്റ് ഗ്രൂപ്പ് ക്യാപ്റ്റനായ അസിം താരീഖ് ആണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ അതീവ സുരക്ഷാമേഖലകളിലൊന്നായ ഇസ്ലാമാബാദിലെ വ്യോമസേന ആസ്ഥാനത്തിന് സമീപത്തുള്ള ഷഹീൻ ചൗക്കിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ഷഹീൻ ചൗക്കിലൂടെ യാത്രചെയ്യുന്നതിനിടെയാണ് ഒരു യുവതിയും യുവാവും തർക്കത്തിലേർപ്പെടുന്നതും യുവതിയെ ബലമായി മോട്ടോർസൈക്കിളിൽ പിടിച്ചുകയറ്റാൻ ശ്രമിക്കുന്നതും അസിം താരീഖിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വ്യോമസേന ഉദ്യോഗസ്ഥൻ സംഭവമെന്താണെന്ന് നോക്കുകയും യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയുംചെയ്തു. ഇതിനിടെയാണ് യുവാവ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഉദ്യോഗസ്ഥന് നേരേ വെടിയുതിർത്തത്. പിന്നാലെ അക്രമി മോട്ടോർസൈക്കിളിൽ രക്ഷപ്പെട്ടു.
അതേസമയം, തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് അപരിചിതനല്ലെന്നും ഒപ്പം ജോലിചെയ്തിരുന്ന ആളാണെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോലിക്ക് ശേഷം വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പ്രതി മോട്ടോർസൈക്കിളിൽ കയറ്റിയത്. എന്നാൽ, വിജനമായ സ്ഥലത്തേക്കാണ് വാഹനത്തിൽ കൊണ്ടുപോയത്. ഇതോടെ ബഹളംവെച്ച് ഇറങ്ങുകയായിരുന്നു. തുടർന്നാണ് ബലംപ്രയോഗിച്ച് തന്നെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതെന്നും ഇതിനിടെയാണ് വ്യോമസേന ഉദ്യോഗസ്ഥൻ രക്ഷിക്കാനെത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.


