ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും പറഞ്ഞ ട്രംപ് സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. 

വാഷിങ്ടൺ: ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“നമ്മൾ എങ്ങനെയെങ്കിലും വിജയിക്കാൻ പോകുകയാണ്. നമ്മൾ ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ ബാധിക്കാൻ എനിക്ക് താൽപര്യമില്ലാത്തതുകൊണ്ട് ഒരു കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നത്. അവരുടെ പാലങ്ങൾ ഒരു മണിക്കൂറിനുള്ളിൽ നമുക്ക് തകർക്കാൻ കഴിയും”- ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞുവെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിൻ്റെ ഭാഗമായുള്ള വിട്ടുവീഴ്ചകൾ ഇറാൻ പാലിക്കേണ്ടതുണ്ട്. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടമാക്കിയ യുറേനിയം നമുക്ക് ലഭിക്കാൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

യുഎസിനും ഇറാനുമിടയിൽ ഉണ്ടായ വെടിനിർത്തലിനും ഇടക്കാല സമാധാന കരാറിനും ശേഷം ട്രംപ് ഇറാന് നേരെ ഭീഷണി മുഴക്കുന്നത് പതിവായിട്ടുണ്ട്. യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ഇറാനിൽ നടക്കുന്നതിനിടെ, ട്രംപ് പ്രകോപനപരമായ പരാമർശം നടത്തിയിരുന്നു.

എല്ലാവരും ഇറാനിലുണ്ടെന്നും ഒറ്റവെടിക്ക് അവരെ ഇല്ലാതാക്കാൻ കഴിയുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. എന്നാൽ അത് ചെയ്യാൻ പോകുന്നില്ലെന്നും അങ്ങനെ ചെയ്താൽ ചർച്ചകൾ നടത്താൻ ആരും ബാക്കിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ഖമനേയിയുടെ ശവമഞ്ചത്തിന് മുന്നിൽ ആളുകൾ വികാരാധീനരാകുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ട്രംപ്, അത് മുതലക്കണ്ണീരാകാമെന്നും പരിഹസിച്ചു.