മണിക്കൂറില്‍ 2,600 പുതിയ രോഗികള്‍; അമേരിക്കയിലെ കൊവിഡ് തീവ്രത വ്യക്തമാക്കി കണക്കുകള്‍

By Web TeamFirst Published Jul 23, 2020, 11:26 PM IST
Highlights

നാല്‍പത് ലക്ഷം പിന്നിടാന്‍ എടുത്തതാവട്ടെ വെറും 16 ദിവസവും. ഒരു മിനുറ്റില്‍ 43 പുതിയ രോഗികള്‍ എന്ന നിലയിലെത്തി അമേരിക്കയിലെ കൊവിഡ് വര്‍ധനവ്. 

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ കൊവിഡ് തീവ്രത വ്യക്തമാക്കി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ കണക്കുകള്‍. യുഎസില്‍ കൊവിഡ് രോഗബാധിതരുടെ കണക്ക് 40 ലക്ഷം(നാല് മില്യണ്‍) പിന്നിട്ടിരിക്കേ മണിക്കൂറില്‍ ശരാശരി 2,600 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗവ്യാപനത്തില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. 

ചൈനയിലെ വുഹാന്‍ നഗരം ഉറവിടമെന്ന് കരുതപ്പെടുന്ന കൊറോണ വൈറസ് അമേരിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഈ വര്‍ഷാദ്യം ജനുവരി 21നാണ്. ഇവിടെ രോഗികളുടെ കണക്ക് 10 ലക്ഷം(ഒരു മില്യണ്‍) പിന്നിടാന്‍ 98 ദിവസങ്ങളെടുത്തു. 20 ലക്ഷം രോഗികളാവാന്‍ 43 ദിവസങ്ങള്‍ കൂടി എടുത്തെങ്കില്‍ 27 ദിവസത്തിലാണ് 30 ലക്ഷം പിന്നിട്ടത്. രോഗികളുടെ കണക്ക് 40 ലക്ഷം ആവാന്‍ എടുത്തതാവട്ടെ വെറും 16 ദിവസവും. ഒരു മിനുറ്റില്‍ 43 പുതിയ രോഗികള്‍ എന്ന നിലയിലെത്തി അമേരിക്കയിലെ കൊവിഡ് വര്‍ധനവ്. അതീവ ഗുരുതര സാഹചര്യമാണ് യുഎസില്‍ നിലനില്‍ക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ആശയക്കുഴപ്പങ്ങളും മലക്കംമറച്ചിലുകളും കൊണ്ട് തുടക്കംമുതലെ കൈവിട്ട കളിയാണ് അമേരിക്ക നടത്തിയത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപില്‍ നിന്ന് വ്യത്യസ്ത നിലപാടുകളെടുക്കുകയായിരുന്നു പല ഗവര്‍ണര്‍മാരും. ലോക്ക് ഡൗണ്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഈ ഭിന്നാഭിപ്രായം അമേരിക്കയെ പ്രതികൂലമായി ബാധിച്ചു എന്നാണ് വിലയിരുത്തല്‍. മാസ്‌ക് ധരിക്കുന്നതിനെ നിശിതമായി എതിര്‍ത്തിരുന്ന ട്രംപ് അടുത്തിടെ നിലപാട് മാറ്റിയിരുന്നു. അമേരിക്കക്കാരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ട്രംപ് കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം ആദ്യമായി മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു.

ലോകത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായ രാജ്യമാണ് അമേരിക്ക. ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 4,126,112 പോസിറ്റീവ് കേസുകളാണ് എന്ന് വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 10,000 പേരെ എടുത്താല്‍ 120 ആളുകളും കൊവിഡ് രോഗികളാണ്. ഇതുവരെ 146,000ലേറെ പേര്‍ മരണപ്പെട്ട യുഎസ് ആളോഹരി മരണനിരക്കില്‍ ആറാം സ്ഥാനത്താണ്. യുകെ, സ്‌പെയിന്‍, ഇറ്റലി, ചിലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അമേരിക്കയ്‌ക്ക് മുന്നില്‍. ഇന്ന് ഇതുവരെ 25,000ത്തിലേറെ പുതിയ രോഗികള്‍ അമേരിക്കയിലുണ്ടായി. പുതുതായി 400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കൊവിഡ് മഹാമാരി അതീവ വിനാശകാരിയായി പടരുകയാണ്. യുഎസിലും ലാറ്റിനമേരിക്കയിലുമാണ് രോഗികളുടെ കണക്ക് കുതിച്ചുയരുന്നത്. ലാറ്റിനമേരിക്കയിലെ കൊവിഡ് രോഗികള്‍ 40 ലക്ഷം പിന്നിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 22 ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളും 83,000ത്തോളം മരണവുമാണ് ബ്രസീലിനെ പിടിച്ചുലച്ചത്. 10 ലക്ഷത്തിലേറെ രോഗികളുള്ള ഇന്ത്യയാണ് കൊവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാമത്. ലോകമാകെ 15,503,640 രോഗികളും 632,708 മരണവുമാണ് കൊവിഡ് മൂലമുണ്ടായത്. 

Read more: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്ന് മരിച്ചത് ആറു പേർ

click me!