ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കാനഡ, ജപ്പാൻ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരുങ്ങുന്നു. നയതന്ത്ര സംവിധാനം കാര്യക്ഷമമാക്കാനാണ് ഈ നീക്കമെന്ന് അധികൃതർ പറയുമ്പോൾ, ഇത് അമേരിക്കയുടെ ആഗോള സ്വാധീനം കുറയ്ക്കുമെന്ന് ആശങ്കയുണ്ട്.
വാഷിങ്ടൺ: വിദേശ രാജ്യങ്ങളിലെ നയതന്ത്ര സാന്നിധ്യം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി കാനഡ, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ അഞ്ച് രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യുഎസ് കോൺഗ്രസിന് നിർദേശം കൈമാറിയതായി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കാനഡയിലെ വിന്നിപെഗ്, ജപ്പാനിലെ നഗോയ, ഇന്തോനേഷ്യയിലെ മേദാൻ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും ഗ്രനേഡയിലെ യുഎസ് എംബസിയും കാമറൂണിലെ എംബസി ബ്രാഞ്ച് ഓഫീസുമാണ് അടച്ചുപൂട്ടാൻ ആലോചിക്കുന്നത്. പ്രത്യേക ഭൗമരാഷ്ട്രീയ പ്രതിസന്ധികളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഒരുമിച്ച് നിരവധി വിദേശ മിഷനുകൾ പ്രവർത്തനം അവസാനിപ്പിക്കുന്നത് യുഎസ് നയതന്ത്ര ചരിത്രത്തിൽ അപൂർവ്വമായ സംഭവമാണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കി നയതന്ത്ര സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താക്കൾ അറിയിച്ചു. ചില ചെറിയ വിദേശ മിഷനുകൾ പ്രവർത്തിപ്പിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഈ നീക്കം ആഗോളതലത്തിൽ അമേരിക്കയുടെ നയതന്ത്ര സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൈന പോലെയുള്ള എതിരാളികൾക്ക് ഇത് കൂടുതൽ അവസരമൊരുക്കുമെന്നും ഡെമോക്രാറ്റ് പാർട്ടി നേതാക്കളും മുൻ നയതന്ത്രജ്ഞരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


