
ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകാനുള്ള നിയമനിർമ്മാണം താൽക്കാലികമായി നിർത്തി വച്ച് ബ്രിട്ടൻ. ചരിത്രപരമായ കരാർ നടപ്പിലാക്കുന്നതിനുള്ള പിന്തുണ അമേരിക്ക പിൻവലിച്ചതിന് പിന്നാലെയാണ് തീരുമാനം. കരാറിലെത്താൻ നിലവിൽ സമയക്കുറവുണ്ടെന്നാണ് വെള്ളിയാഴ്ച അധികൃതർ വിശദമാക്കിയത്. അടുത്ത ആഴ്ച അവസാനിക്കുന്ന പാർലമെന്റ് സെഷനിൽ വിഷയം ചർച്ചയാവില്ലെന്ന സൂചനയാണ് ബ്രിട്ടീഷ് സർക്കാർ വിശദമാക്കുന്നത്. കരാർ നടപ്പിലാക്കുന്നത് തടയാൻ കൺസർവേറ്റീവ് എംപിമാരും മുൻ സൈനിക ഉദ്യോഗസ്ഥരും ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. നിലവിൽ കരാറിലേർപ്പെടുന്നത് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിലാണ് ബ്രിട്ടനുള്ളത്. ഇറാനെതിരായ സൈനിക നടപടിയോടെ മുഖം തിരിച്ച ബ്രിട്ടനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് കുറ്റപ്പെടുത്തിയത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഈ ദ്വീപ് സമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബ്രിട്ടൻ പ്രഖ്യാപിച്ചത്. എന്നാൽ ഈ കരാർ ബ്രിട്ടന്റെയും സഖ്യകക്ഷിയായ അമേരിക്കയുടെയും സുരക്ഷാ താൽപ്പര്യങ്ങളെ ബാധിക്കുമെന്ന് വിമർശകർ വാദിക്കുന്നത്. ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർഷ്യയിൽ അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക താവളം സ്ഥിതി ചെയ്യുന്നുണ്ട്. ദ്വീപുകൾ വിട്ടുനൽകുന്നത് ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഭയന്നാണ് ലേബർ സർക്കാർ നിയമനിർമ്മാണം നീട്ടിവെച്ചതെന്നാണ് നയതന്ത്രജ്ഞർ വിശദമാക്കുന്നത്. ഇതോടെ പതിറ്റാണ്ടുകളായി തുടരുന്ന ഈ തർക്കത്തിന് പരിഹാരമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
ചാഗോസ് ദ്വീപുകൾ 1-ാം നൂറ്റാണ്ട് മുതൽ ബ്രിട്ടന്റെ നിയന്ത്രണത്തിലാണ്. 1968ൽ മൗറീഷ്യസിന് സ്വാതന്ത്ര്യം നൽകുന്നതിന് തൊട്ടുമുമ്പ് ബ്രിട്ടൻ ഈ ദ്വീപുകളെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് 2019ൽ അന്താരാഷ്ട്ര നീതിന്യായ കോടതി കണ്ടെത്തിയിരുന്നു. സൈനിക താവളത്തിന് വഴിയൊരുക്കുന്നതിനായി ആയിരക്കണക്കിന് ദ്വീപ് നിവാസികളെ അന്ന് നിർബന്ധിതമായി നാടുകടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam