എച്ച്-1ബി വിസ ഉടമകൾക്ക് ആശ്വസിക്കാം? ഗ്രീൻ കാർഡിലെ പുതിയ നയം ബാധിച്ചേക്കില്ല, അമേരിക്കയിൽ തുടരാനായേക്കും

Published : May 25, 2026, 03:16 AM IST
Green Card Policy Change

Synopsis

ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട നയം മാറ്റം എച്ച്-1ബി വിസ ഉടമകൾക്ക് ബാധകമായേക്കില്ലെന്ന് സൂചന നൽകി യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്‌ലർ. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ അല്ലെങ്കിൽ ദേശീയ താൽപ്പര്യമുള്ളതോ ആയ സേവനങ്ങൾ നൽകുന്നവർക്ക് ഇളവ് ലഭിച്ചേക്കും. 

വാഷിങ്ടൺ: അമേരിക്കയുടെ സ്ഥിരതാമസ രേഖയായ ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട നയം മാറ്റം എച്ച്-1ബി വിസ ഉടമകൾക്ക് ബാധകമായേക്കില്ലെന്ന് സൂചന. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന എച്ച്-1ബി വിസ ഉടമകൾക്ക് അമേരിക്ക വിടേണ്ട സാഹചര്യമുണ്ടാകില്ലെന്ന് സൂചിപ്പിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് (USCIS) വക്താവ് സാക്ക് കഹ്‌ലർ രംഗത്തെത്തി. ന്യൂസ്‌വീക്കിനോട് സംസാരിക്കവെ, സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ അല്ലെങ്കിൽ ദേശീയ താൽപ്പര്യമുള്ളതോ ആയ സേവനങ്ങൾ നൽകുന്ന നിരവധി അപേക്ഷകർക്ക് ഈ പ്രക്രിയയ്ക്കിടെ അമേരിക്കയിൽ തന്നെ തുടരാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമേരിക്കൻ കുടിയേറ്റ നയത്തിൽ വലിയ മാറ്റം വരുത്തി യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് പ്രഖ്യാപനം നടത്തിയത്. പുതിയ നയം അനുസരിച്ചു, ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ, ആദ്യം അമേരിക്ക വിടണം, തുടർന്ന് മാതൃരാജ്യത്തെ എംബസിയോ കോൺസുലേറ്റോ മുഖേന അപേക്ഷ സമർപ്പിക്കണം. സ്റ്റാറ്റസ് മാറ്റാൻ ആഗ്രഹിക്കുന്നവർ അസാധാരണമായ സാഹചര്യങ്ങളിൽ ഒഴികെ രാജ്യത്തിന് പുറത്തുള്ള കോൺസുലാർ പ്രോസസിങ്ങിലൂടെ മാത്രമേ അത് ചെയ്യാവൂ എന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് അറിയിച്ചത്.

അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഒടുവിലത്തെ നടപടിയാണിത്. ഇതുവഴി, വിസ കൈവശമുള്ളവർക്കും സന്ദർശകർക്കും യുഎസിൽ ആയിരിക്കുമ്പോൾ തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അനുവദിച്ചിരുന്ന പഴുതുകൾ അടയ്ക്കാനാണ് ഭരണകൂടത്തിൻ്റെ ശ്രമം. അതേസമയം യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് വക്താവ് സാക്ക് കഹ്‌ലറുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം അമേരിക്കയുടെ താൽക്കാലിക വർക്ക് വിസയായ എച്ച്-1ബി വിസയിൽ രാജ്യത്ത് എത്തി ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമാണ്.

സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ദേശീയ താൽപ്പര്യമുള്ളതോ ആയ അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് അവരുടെ നിലവിലെ രീതിയിൽ തന്നെ തുടരാൻ സാധിക്കുമെന്ന് സാക്ക് കഹ്‌ലർ അറിയിച്ചു. വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസരിച്ച് മറ്റുള്ളവരോട് വിദേശത്തുനിന്ന് അപേക്ഷിക്കാൻ ആവശ്യപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഗ്രീൻ കാർഡിന് അപേക്ഷിക്കും മുൻപ് ഭൂരിഭാഗം താൽക്കാലിക വിസ ഉടമകൾക്കും മാതൃരാജ്യത്തേക്ക് മടങ്ങേണ്ടിവരുമെന്നായിരുന്നു സാക്ക് കഹ്‌ലർ പറഞ്ഞിരുന്നത്.

വർഷങ്ങളായി താൽക്കാലിക വിസകളായ എച്ച്-1ബി, എൽ-1 എന്നിവ ഉള്ളവർക്കും വിദ്യാർത്ഥി വിസയിൽ എത്തിയവർക്കും അഡ്ജസ്റ്റ്മെൻ്റ് ഓഫ് സ്റ്റാറ്റസ് മുഖേന അമേരിക്കയിൽ തുടർന്നുകൊണ്ടുതന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ പുതിയ നിർദേശം, ഇത്തരം വിസ ഉടമകൾ യുഎസിന് പുറത്ത് വർഷങ്ങളോളം കുടുങ്ങിപ്പോകുന്ന സാഹചര്യം സംജാതമാകും. ഇത് അപേക്ഷകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലേക്ക് വരെ വഴിവെച്ചേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?
'തിരക്കിട്ട് ഒരു കരാർ ആഗ്രഹിക്കുന്നില്ല', കരാറിലെത്തുന്നതുവരെ ഹോർമുസ് ഉപരോധം തുടരുമെന്നും ഡോണൾഡ് ട്രംപ്