
മധ്യപൂർവേഷ്യയെ വീണ്ടും സംഘർഷ ഭീതിയിലാഴ്ത്തി സൗദി അറേബ്യയുടെ മണ്ണിൽ ആക്രമണം നടത്തുകയാണ് ഹൂതികൾ. ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ നഗരമായ മക്കയെ വരെ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണ ശ്രമങ്ങൾ തുടരുന്നത്. ചൊവ്വാഴ്ച മക്ക ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്ത ഡ്രോൺ മക്ക നഗരത്തിൽ പ്രവേശിക്കും മുമ്പ് സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തു. സൗദി മണ്ണിലേക്ക് തുടരെ ആക്രമണങ്ങൾ നടത്തുന്ന ഹൂതികൾ ആരാണ്? എന്താണ് ഇവരുടെ ലക്ഷ്യം?
പണ്ട് യെമൻ എന്ന രാജ്യം വടക്കൻ യെമനെന്നും തെക്കൻ യെമനെന്നും രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. വടക്കൻ യെമൻ ഓട്ടോമാൻ സാമ്രാജ്യത്തിന് കീഴിലായിരുന്നു. തെക്കൻ യെമന്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലും. വടക്കൻ യെമൻ സ്വതന്ത്രമായപ്പോള്‍ പ്രധാന വിഭാഗമായ ഷിയ അധികാരത്തിലെത്തി. ഷിയകളിലെ ശക്തരായിരുന്നു സയ്ദി വംശജർ. 1960ൽ ഈജിപ്തിന്‍റെ സഹായത്തോടെ ഒരു വിഭാഗം സയ്ദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ കലാപം തുടങ്ങി. 1967ൽ സയ്ദികളെ പുറത്താക്കി യെമൻ അറബ് റിപ്പബ്ലിക് എന്ന രാജ്യം രൂപീകരിക്കപ്പെട്ടു. ഇതിനിടെ തെക്കൻ യെമന്‍ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായി സതേൺ യെമന്‍ റിപ്പബ്ലിക് എന്ന രാജ്യം സ്ഥാപിച്ചു. തൊണ്ണൂറുകളിൽ ഈ രണ്ട് രാജ്യങ്ങളും കൂടിച്ചേർന്ന് ഒരൊറ്റ രാജ്യമായി, റിപ്പബ്ലിക് ഓഫ് യെമൻ. പുതിയ രാജ്യത്തിന്‍റെ പ്രസിഡന്‍റായത് വടക്കൻ യെമന്‍റെ പ്രസിഡന്‍റായിരുന്ന അലി അബ്ദുള്ള സാലിഹ് ആയിരുന്നു. ഷിയകളെ അടിച്ചമർത്തിയുള്ള ഭരണമായിരുന്നു സാലിഹിന്‍റേത്. ഇതിൽ സയ്ദികൾക്ക് അമർഷമുണ്ടായിരുന്നു. പിന്നീട് ഹൂതികളുടെ സംഘടനയുടെ പിറവിയിലേക്ക് നയിച്ചതും ഇതായിരുന്നു.
'ബിലീവ് ഇൻ യൂത്ത്' എന്ന ആശയം മുന്നോട്ട് വെച്ച ഈ മൂവ്മെന്‍റ് അലി അബ്ദുള്ള സാലിഹിന്‍റെ അഴിമതി ഭരണത്തിലും ഷിയ വിരുദ്ധതക്കും എതിരായി പോരാടി. 1994ൽ ഈ സംഘടനയുടെ പേര് ‘അൻസാർ അള്ളാഹ്’ എന്നായി. ‘ദൈവത്തിന്‍റെ സഹായികൾ’ എന്നാണ് ഈ പേരിന്‍റെ അർത്ഥം. സയ്ദികൾക്കിടയിലുള്ള ശക്തമായ വിഭാഗമാണ് ഹൂതികൾ. അൻസാർ അള്ളായുടെ തലപ്പത്ത് ഹൂതികളെത്തി. യെമന്‍റെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഹൂതികൾ തുടങ്ങി.
ഒടുവിൽ അലി അബ്ദുള്ള സാലിഹിന്‍റെ പട്ടാളം ഹൂതി നേതാവ് ഹുസൈൻ ബദറുദ്ദീൻ അൽ ഹൂതിയെ വധിച്ചു. പകരം ഇദ്ദേഹത്തിന്‍റെ സഹോദരൻ അബ്ദുൽ മാലിക് അൽ ഹൂതി രംഗത്തെത്തി. ആഭ്യന്തര കലാപം രൂക്ഷമാകുകയും സാലിഹ് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടാകുകയും ചെയ്തു. ഇതിനെ ഹൂതികൾ പിന്തുണച്ചു. സൗദിയുടെ ആവശ്യപ്രകാരം സാലിഹ് രാജിവെച്ചു. പകരം വൈസ് പ്രസിഡന്‍റായിരുന്ന അബ്ദുറബ്ബു മൻസൂർ ഹാദി പുതിയ പ്രസിഡന്‍റായി. അധികാരം നഷ്ടപ്പെട്ടതിനുശേഷം, തന്റെ പഴയ ശത്രുക്കളായിരുന്ന ഹൂതി വിമതരുമായി സാലിഹ് സഖ്യമുണ്ടാക്കുകയും 2015-ൽ തലസ്ഥാനമായ സനാ പിടിച്ചെടുക്കാൻ അവരെ സഹായിക്കുകയും ചെയ്തു. പിന്നീട് സാലിഹ് ഹൂതികളുമായുള്ള സഖ്യം തകർന്നു. സർക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങൾ കടുപ്പിച്ച ഹൂതികൾ 2014ൽ യെമന്‍റെ പ്രധാന ഭാഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാക്കി. ഹൂതികൾ തലസ്ഥാനമായ സനാ പിടിച്ചടക്കിയതിനെ തുടർന്ന് 2015-ൽ മൻസൂർ ഹാദി സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. 2017ൽ ഹൂതികളുടെ വെടിയേറ്റ് സലേ കൊല്ലപ്പെട്ടു.
യെമനിൽ ഒരു സയ്ദി ഭരണകൂടം സ്ഥാപിക്കുക. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ-സൗദി സഖ്യത്തിന്റെ സ്വാധീനം പൂർണ്ണമായി ഇല്ലാതാക്കുക. മേഖലയിൽ ഇറാൻ നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായി നിന്ന് ഇസ്രായേലിനും പാശ്ചാത്യ ശക്തികൾക്കുമെതിരെ പോരാടുക എന്നിവയാണ് ഹൂതികളുടെ ലക്ഷ്യം. ഗൾഫ് മേഖലയിലുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം ഇസ്രയേലും അമേരിക്കയുമാണെന്ന് ഹൂതികൾ അടിയുറച്ച് വിശ്വസിക്കുന്നു. ഇസ്രയേലിനെ ഇല്ലായ്മ ചെയ്യലാണ് പ്രധാന ലക്ഷ്യമെന്നാണ് ഹൂതികളുടെ പ്രഖ്യാപനം.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ചെങ്കടലില്‍ സംഘർഷം ശക്തമാകുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിക്കെതിരെ ഹൂതികൾ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നീ നഗരങ്ങളിലേക്ക് ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു. വിശുദ്ധ നഗരമായ മക്കയ്ക്ക് തെക്കുഭാഗത്ത് വെച്ച് ഹൂതികളുടെ ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. പുണ്യനഗരങ്ങളുടെ സുരക്ഷ സൗദിയുടെ 'റെഡ് ലൈൻ' ആണെന്ന മുന്നറിയിപ്പ് സൗദി നൽകിയിട്ടുണ്ട്. മക്ക നഗരത്തിനും മദീന മേഖലയ്ക്കും നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണങ്ങളെ വിവിധ ഗൾഫ് രാഷ്ട്രങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനും ശക്തമായി അപലപിച്ചു. എന്നാൽ മക്ക ആക്രമിച്ചിട്ടില്ലെന്നാണ് ഹൂതികളുടെ വിശദീകരണം.
അതേസമയം ഹോർമൂസ് കടലടക്കിന് പിന്നാലെ ചെങ്കടലിലെ ബാബ് അൽ മന്ദബും അടയ്ക്കുമോ എന്ന് ആശങ്കയിലാണ് ലോക രാജ്യങ്ങൾ. കടലിടുക്കിൽ ഹൂതികൾ മൈനുകൾ സ്ഥാപിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സാമ്പത്തിക രംഗത്തെ തന്നെ പ്രതിസന്ധിയിലാക്കും. റിയാദിന്റെ സമാധാന നീക്കങ്ങളെ കാറ്റിൽപ്പറത്തി ഹൂതികൾ ആക്രമണം കടുപ്പിക്കുമ്പോൾ, പശ്ചിമേഷ്യ വീണ്ടുമൊരു സംഘർഷ ഭീതിയുടെ നിഴലിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam