മക്കയ്ക്ക് നേരെ നടന്ന ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത ഭാഷയിൽ അപലപിച്ചു. പുണ്യസങ്കേതങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയ്ക്ക് പാകിസ്ഥാന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും രൂക്ഷമായി അപലപിച്ചിട്ടുണ്ട്.
ഇസ്‌ലാമാബാദ്: വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ നടന്ന ഹൂതികളുടെ ആക്രമണ ശ്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി മക്ക ലക്ഷ്യമാക്കി വന്ന ഡ്രോൺ സൗദി സൈന്യം തകർത്തതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
വഞ്ചനാത്മകവും നീചവുമായ ഈ ആക്രമണ വാർത്ത പാകിസ്ഥാൻ ജനതയെ കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കി എന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കുറിച്ചു. ഇസ്ലാമിന്റെ പവിത്രമായ പുണ്യസങ്കേതങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയ്ക്ക് പാകിസ്ഥാന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി സഖ്യസേന ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്ന് ആരോപിച്ചെങ്കിലും, മക്കയെ ലക്ഷ്യമിട്ടിട്ടില്ലെന്നും വാർത്തകൾ വാസ്തവവിരുദ്ധമാണെന്നുമാണ് ഹൂതി വക്താക്കളുടെ പ്രതികരണം.
മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ചയാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി ബുധനാഴ്ച രാവിലെയാണ് അറിയിച്ചത്. സ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത് സൗദിയുടെ 'റെഡ് ലൈൻ' ആണെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണത്തിനെതിരെ പ്രതിരോധ നടപടികൾ കടുപ്പിക്കും. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ ചെങ്കടലിലൂടെയുള്ള സൗദി എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്.


