
തിരുവനന്തപുരം: പൊലീസുകാരുടെ ആഴ്ചയിലുള്ള 'ഡേ ഓഫ്' നിഷേധിക്കരുതെന്ന് ഡിജിപി. ആളില്ലായെന്ന കാരണം പറഞ്ഞ് പല സ്ഥലത്തും ആഴ്ചയിൽ ഒരു ദിവസം പൊലീസുകാര്‍ക്ക് നൽകുന്ന ഓഫ് നിഷേധിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹിബ് വ്യക്തമാക്കി. ഇത്തരത്തില്‍ ഓഫ് നിഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക ഉന്മേഷത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്. പൊലീസുകാരുടെ ഓഫുമായി ബന്ധപ്പെട്ട് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ഓഫ് ദിവസം ആ ഉദ്യോഗസ്ഥനെ അത്യാവശ്യ ഘട്ടത്തിലല്ലാതെ തിരിച്ചു വിളിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
പൊലീസിൽ മാനസിക സംഘർഷങ്ങള്‍ കൂടുകയും ആത്മഹത്യ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡിജിപിയുടെ നിർദ്ദേശം. പൊലീസുകാർക്ക് ഒഴിവു ദിവസങ്ങള്‍ നിഷേധിക്കപ്പെടുന്നത് മാനസിക സംഘർഷത്തിന് കാരണമാകുന്നുണ്ടെന്നും അത് ജോലിയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടികാട്ടി ഇതിന് മുമ്പും ഡിജിപി സർക്കുലർ അയച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സിൽ മീറ്റിംഗിൽ പരാതി ഉയർന്നതിനെ തുടർന്നാണ് എല്ലാ എസ്പിമാക്കും യൂണിറ്റ് മേധാവിമാർക്കും സർക്കുലർ അയച്ചത്
നേരത്തെയും പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനായി കഴക്കൂട്ടം അസി കമ്മീഷണരെ ഡിജിപി ചുമതലപ്പെടുത്തി. തനിക്കെതിരെ വാർത്ത ചമയ്ക്കുന്നതിൽ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഡിജിപിക്ക് ഇപി ജയരാജൻ നല്‍കിയ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam