
പത്തനംതിട്ട : ലൊക്കേഷൻ സ്കെച്ചിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ താൽക്കാലിക ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ താൽക്കാലിക ജീവനക്കാരൻ ജയപ്രകാശ് ആണ് പിടിയിലായത്. ലൊക്കേഷൻ സ്കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് ഇടപെടൽ. കഴിഞ്ഞ ദിവസം മറ്റൊരു സർട്ടിഫിക്കറ്റിനായി ഇയാൾ പരാതിക്കാരുടെ കയ്യിൽ നിന്നും 1500 രൂപയും കൈക്കൂലി വാങ്ങിയിരുന്നു.
വിവാഹക്ഷണക്കത്ത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്, ഇതാണോ പുതിയ രീതിയെന്ന് കമന്റ്
വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി
അതേ സമയം പാലക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് 2023 മെയ് 23 ന് സുരേഷ് കുമാർ അറസ്റ്റിലായത്. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് പുറത്താക്കാൻ തീരുമാനിച്ചത്.
സുരേഷ് കുമാറിൻ്റെ പ്രവൃത്തി റവന്യൂ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കു പറഞ്ഞു കൈക്കൂലി വാങ്ങിയിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു. പലരിൽ നിന്നും കൈപറ്റിയത് 500 മുതൽ 10,000 രൂപ വരെയാണ്. കൈക്കൂലിയായി പൈസ മാത്രമല്ല കുടംപുളിയും തേനും വരെ കൈപ്പറ്റിയിരുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് സുരേഷ് കുമാർ.
മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തിയതിൽ നിന്ന് പണമല്ലാതെ കൈക്കൂലിയായി വാങ്ങിയ പല വസ്തുക്കളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പണത്തിനു പുറമെ കണ്ടത്തിയത് കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവയായിരുന്നു മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ കണ്ടെത്തിയത്.