മാവോയിസ്റ്റ് ഭീഷണിയുള്ള 112 ബൂത്തുകൾ; വയനാട്ടില്‍ കൂടുതൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും

By Web TeamFirst Published Nov 28, 2020, 8:10 AM IST
Highlights

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ വയനാട് ജില്ലയിലാണ്.  വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി ഈ ബൂത്തുകളെ നിരീക്ഷിക്കും

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം. മാവോയിസ്റ്റ് ഭീഷണിയുള്ള 112 പോളിംഗ് ബൂത്തുകളാണ് വയനാട് ജില്ലയില്‍ ഉള്ളത്. അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൂടെ കണക്കിലെടുത്ത് ഇവിടെ കൂടുതൽ സേനകളെ വിന്യസിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ വയനാട് ജില്ലയിലാണ്. മൂന്ന് താലൂക്കുകളിലായി 112 നക്സൽ ഭീഷണി ബൂത്തുകളുണ്ടെന്നാണ് കണക്ക്. വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി ഈ ബൂത്തുകളെ നിരീക്ഷിക്കും. ഇതല്ലാതെ മറ്റ് പ്രശ്നബാധിത ബൂത്തുകൾ ജില്ലയിൽ കാര്യമായി ഇല്ല. തണ്ടർ ബോൾട്ട് സേനയെ നിരീക്ഷണത്തിന് നിയോഗിക്കുന്നുണ്ട്. വാഹന പരിശോധനയും കർശനമാക്കും.

അടുത്തിടെ ബാണാസുര മലയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് വേൽമുരുഗൻ കൊല്ലപ്പെട്ടതും. കഴിഞ്ഞ ഫെബ്രുവരിയിൽ വൈത്തിരിയിലെ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ സി.പി ജലീൽ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

ബാണാസുര മലയിലെ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകളുടെ പരസ്യ പ്രതികരണം പുറത്ത് വന്നിരുന്നില്ല. മുൻപ് സാന്നിധ്യമുണ്ടായിരുന്ന മേഖലകളിൽ ഇവർ പിന്നീട് എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തേക്കുമെന്നും പൊലീസ് കരുതുന്നു.

click me!