
കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ ഇന്ന് 16 പേർ രോഗം ഭേദമായി ആശുപത്രി വിടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുള്ള 10 പേരും, കാസർകോട് ജനറൽ ആശുപത്രിയിലെ 2 പേരും പരിയാരത്ത് ചികിത്സയിലുള്ള 4 പേരുമാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്. പരിയാരത്ത് നിന്ന് ആശുപത്രി വിടുന്നവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. എല്ലാവർക്കും രോഗം പൂർണമായും ഭേദമായിട്ടുണ്ട്. ഇവരുടെ ടെസ്റ്റ് റിസൽറ്റുകൾ നെഗറ്റീവാണ്.
ജില്ലയിൽ കൊവിഡ് പടരുന്നത് നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഭാഗീകമായെങ്കിലും സാധിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതും ആശ്വാസകരമാണ്. സംസ്ഥാനത്ത് ഇന്നലെ രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. സ്ഥിരീകരിക്കുന്ന കേസുകളേക്കാളേറെ പേർ രോഗം ഭേദമായി ആശുപത്രിവിടുന്നത് കൊവിഡ് പ്രതിരോധ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. രോഗവ്യാപനം ഈ നിലയിൽ വരും ദിവസങ്ങളിലും കുറയുകയും അവസാനിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ആരോഗ്യ പ്രവർത്തകരും.
അതേസമയം ഇടുക്കി ജില്ലയിലെ അവസാന കൊവിഡ് രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. തൊടുപുഴ കുമ്പൻകല്ല് സ്വദേശി യെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച 10 പേരും ഭേദമായി ആശുപത്രി വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam