
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഫുട്ബോൾ കളിക്കിടെയുണ്ടായ ത൪ക്കത്തിൽ 17കാരന് ക്രൂരമർദനം. തലയോട്ടിക്ക് പരിക്കേറ്റ പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാസങ്ങൾക്ക് മുമ്പ് ഫുട്ബോൾ ടൂ൪ണമെന്‍റിനിടെയുണ്ടായ ത൪ക്കമാണ് കാരണം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാനാണ് ഹഫീസിനെയും കൂട്ടാകാരെയും പട്ടാമ്പി കൽപക സെൻററിലേക്ക് എതി൪വിഭാഗം വിളിച്ചു വരുത്തിയത്. എന്നാൽ, സംസാരത്തിനിടെ എതി൪വിഭാഗത്തിലുള്ളവ൪ യാതൊരു പ്രകോപനവുമില്ലാതെ ആയുധമുപയോഗിച്ച് മ൪ദിക്കുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ ഹഫീസ് നിലത്തുവീണു. പിന്നാലെ 15 അംഗ സംഘം കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് വീണ്ടും ആക്രമിച്ചെന്നാണ് പരാതി.
അടിയന്തിര ശസ്ത്രക്രിയയ്ക്ക ശേഷം ചികിത്സയിൽ തുടരുകയാണ് ഹഫീസ്. അതേസമയം സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്തെങ്കിലും പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്ന പരാതിയാണ് ഹഫീസിന്‍റെ കുടുംബത്തിനുള്ളത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അക്രമികളെ പിടികൂടിയിട്ടില്ലെന്നും ഹഫീസിന്‍റെ മാതാവ് ഫരീദ പറഞ്ഞു. അതേസമയം സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും പട്ടാമ്പി പൊലീസ് പറഞ്ഞു.