
തിരുവനന്തപുരം: അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലിൽ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകൾ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ അസഭ്യംപറഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ പരാതി നൽകി.
അയൽക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതിൽ കടന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തിൽ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയൽവാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് സമീപവാസികൾ പറയുന്നത്. തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവ സമയത്ത് അനുഷയും അസുഖ ബാധിതനായ മുത്തച്ഛനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് കുട്ടി മുകളിലെ നിലയിലേക്ക് പോയി വാതിൽ വലിച്ചടതുകണ്ട മുത്തച്ഛൻ സംശയം തോന്നി സമീപത്തെ വയലിലുണ്ടായിരുന്നവരെ വിളിച്ച് പറഞ്ഞതോടെ, ഇവർ എത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ അനുഷയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
പിന്നാലെ വീട്ടുകാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടിയ അനുഷയ്ക്ക് ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. വിഴിഞ്ഞം പെലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ട് സംസ്കരിക്കും. സംഭവത്തിൽ അയൽവാസിയായ സ്ത്രീക്കെതിരെ പരാതി അറിയിച്ചിട്ടുണ്ടെന്നും വിശദമായി അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും വിഴിഞ്ഞം പെലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam