
കൊച്ചി: പുതുവത്സരാഘോഷത്തിനിടെ മയക്കുമരുന്ന് സംഘങ്ങളെ നേരിടാൻ കർശന നടപടിയുമായി എറണാകുളം റൂറൽ പൊലീസ്. മയക്കുമരുന്ന് കേസില്‍പെടുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നടപടിയുണ്ടാകമെന്ന് റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു. പുതുവത്സരാഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി, ഡിജെ പാര്‍ട്ടി സംഘാടകരായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയിലായതോടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി എറണാകുളം റൂറൽ മേഖലയിലടക്കം സുരക്ഷ കർശനമാക്കിയെന്ന് ആലുവ റൂറൽ എസ് പി കെ.കാർത്തിക് അറിയിച്ചു. ഡിസംബർ 31 ന് ഉച്ചമുതൽ സുരക്ഷയ്ക്കായി ആയിരത്തിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ആഘോഷങ്ങൾ നടക്കുന്ന ബീച്ചുകൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ വനിത പൊലീസുകാരെയും പട്രോളിംഗിന് നിയോഗിച്ചിട്ടുണ്ട്.
കൊച്ചിയിൽ പുതുവത്സര പാർട്ടികൾക്ക് ലഹരിമരുന്നുമായി എത്തിയപ്പോള്‍ പിടിയിലായ രണ്ട് ഡിജെമാര്‍ക്കും ബെംഗളുരു സംഘങ്ങളുമായി അടത്ത ബന്ധമാണുള്ളതെന്നാണ് വ്യക്തമാകുന്നത്. ബംഗലൂരുവിൽ നിന്നെത്തിയ ഇവരിൽ നിന്ന് എംഡിഎംഎയും ലഹരിമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗലൂരു സ്വദേശി അഭയ് രാജ്, എരൂർ സ്വദേശി നൗഫൽ എന്നിവരെയാണ് വൈറ്റില ഹബ്ബിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്. വൈറ്റില കണ്ണാടിക്കാടുള്ള ഹോട്ടലിൽ ഡിജെ പാർട്ടി നടത്തുന്നതിനായിരുന്നു ഇവരെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam