
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർ, മികച്ച എഡിറ്റർ, മികച്ച ക്യാമറാമാൻ എന്നീ അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കോവിൻ ആപ്പിലെ തട്ടിപ്പിനേ കുറിച്ചുള്ള വാർത്തയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ശ്യാം കുമാറിന് മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം ലഭിച്ചു. കൃഷ്ണപ്രസാദ് ആണ് മികച്ച ക്യാമറാമാൻ. സത്രം ട്രൈബൽസ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിനാണു പുരസ്‌കാരം. വി . വിജയകുമാറിനെ മികച്ച എഡിറ്ററായി തെരഞ്ഞെടുത്തു. കക്ക വാരൽ തൊഴിലാളികളുടെ അതിജീവനം സംബന്ധിച്ച സ്റ്റോറി എഡിറ്റിംഗിനാണ് ഏഷ്യാനെറ്റ് ന്യൂസിലെ വിജയകുമാറിന് പുരസ്കാരം ലഭിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ഫോട്ടോഗ്രഫി വിഭാഗത്തിൽ രണ്ടു പേർ അവാർഡ് അർഹരായി. മാതൃഭൂമി ദിനപത്രത്തിലെ കെ.കെ. സന്തോഷ്, മലയാള മനോരമയിലെ അരുൺ ശ്രീധർ എന്നിവർക്കാണ് പുരസ്കാരം. കാർട്ടൂൺ വിഭാഗത്തിൽ മാതൃഭൂമി ദിനപത്രത്തിലെ കെ. ഉണ്ണികൃഷ്ണൻ പുരസ്‌കാരം നേടി.
മാതൃഭൂമി ന്യൂസിലെ അമൃത എ.യു. മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം നേടി. മനോരമ ന്യൂസിലെ ജയമോഹൻ നായർ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മനോരമ ന്യൂസിലെ ഷാനി ടി പിക്കാണു മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്‌കാരം. പുരസ്‌കാരങ്ങൾ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.
ആർ. പാർവതീദേവി, കെ.എം. മോഹൻദാസ്, എസ്.ആർ. സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, വാമനപുരം മണി, എം.കെ. വിവേകാനന്ദൻ നായർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി അംഗങ്ങൾ. ഡോ. മീന ടി. പിള്ള, കെ. മനോജ് കുമാർ, ടി.എം. ഹർഷൻ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്.
Read More : ദുരിതാശ്വാസത്തിനായി ആയുർവേദ മെഡിക്കൽ സർട്ടിഫിക്കറ്റ്; ആലത്തൂർ വില്ലേജ് ഓഫീസിൽ വിശദാംശങ്ങൾ ശേഖരിച്ച് വിജിലൻസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam