
പത്തനംതിട്ട:ഡയറി ഫാം വിവാദത്തിലെ പാര്‍ട്ടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ പി ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.'ആദ്യത്തെ അന്വേഷണത്തോട് പൂർണമായും സഹകരിച്ചു. ആദ്യത്തെ അന്വേഷണം കൊണ്ട് അവസാനിക്കുമെന്നാണ് കരുതിയത്. പാർട്ടിക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കണം എന്ന് താല്പര്യമുണ്ട് അതുകൊണ്ടാണ് വീണ്ടും കമ്മീഷനെ നിയോഗിച്ചത്. പാർട്ടിയിൽ ഗൂഢാലോചന ഉണ്ടെന്നോ. ചേരിതിരിവ് ഉണ്ടെന്നോ ഇപ്പോൾ പറയുന്നില്ല. ജീവിതം സുതാര്യമാണ്. ചെറിയ പ്രായം മുതൽ പണിയെടുത്ത് പാർട്ടി പ്രവർത്തനം നടത്തുന്നയാളാണ്. ഡയറി ഫാം ഒറ്റയ്ക്കല്ല നടത്തുന്നത്. മരുമകനും സുഹൃത്തുക്കളുമാണ് നടത്തിപ്പ്. ഇപ്പോഴും സജീവമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ്.ഒരിക്കലും സിപിഐ വിടില്ല, മുഴുവൻ സിപിഐ ക്കാര് പോയാലും പാർട്ടിയിൽ തന്നെ ഉണ്ടാവും. പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. സെക്രട്ടറി സ്ഥാനം ഒഴിയാൻ പാർട്ടി പറഞ്ഞാൽ അതും ചെയ്യും'. അന്വേഷണത്തെപ്പറ്റി മുൻവിധികൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു
അടൂർ പതിനാലാം മെലിൽ എ പി ജയനും കുടുംബം തുടങ്ങിയ ഡയറി ഫാമിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ആറ് കോടി രൂപ ചെലവിട്ടാണ് ഡയറി ഫാം തുടങ്ങിയതെന്നാണ് പരാതിയിലുണ്ടായിരുന്നത്. എന്നാൽ പരാതിയിലെ പരാമർശങ്ങളെയെല്ലാം എ പി ജയന്റെ മരുമകൻ തള്ളിയിരുന്നു. എ പി ജയനേ കൂടി പങ്കാളിയാക്കി അനീഷ്കുമാറും സുഹത്തുക്കളും ചേർന്നാണ് ഫാം തുടങ്ങിയതെന്നാണ് വിശദീകരണം. ആകെ ചെലവായ 78 ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ മാത്രമാണ് എ പി ജയൻ മുടക്കിയതെന്നും മരുമകൻ വ്യക്തമാക്കി
പരാതിയും വിവാദവും അന്വേഷണവും മാസങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ജയന്‍റെ ഭാഗത്തു നിന്നുള്ള പരസ്യ പ്രതികരണം. കാനം രാജേന്ദ്രൻ വിരുദ്ധ പക്ഷത്ത് നിൽക്കുന്ന എപി ജയനെതിരെയുള്ള രാഷ്ട്രീയ ആയുധമാണ് വിവാദവും അന്വേഷണവുമെന്നാണ് പത്തനംതിട്ടയിലെ ജയൻ അനുകൂലികളുടെ പ്രതികരണം.