ചെങ്കോട്ടയായ മണ്ഡലത്തിൽ ഇടതിന് അടിതെറ്റുമോ? കൂറ്റൻ ഭൂരിപക്ഷം ആയിരത്തിലേക്ക് താഴ്ന്ന കല്യാശേരിയിൽ ഇപിയടക്കം പരിഗണനയിൽ

Published : Jan 19, 2026, 03:06 PM IST
kalliasseri

Synopsis

സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ യുഡിഎഫ് പ്രതീക്ഷയർപ്പിക്കുമ്പോൾ, സിറ്റിംഗ് എംഎൽഎയെ നിലനിർത്തണോ അതോ മുതിർന്ന നേതാക്കളെ ഇറക്കണോ എന്ന ചർച്ചയിലാണ് സിപിഎം.

കണ്ണൂർ: കല്യാശേരി നിയമസഭാ മണ്ഡലം നിലനിർത്താൻ പരീക്ഷണത്തിനൊരുങ്ങുമോ സിപിഎം? ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ വലിയ മുന്നേറ്റം യുഡിഎഫിന് കല്യാശേരിയിൽ പ്രതീക്ഷ നൽകുന്നുണ്ടോ എന്നിങ്ങനെ കുറച്ചധികം ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഉയരുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ, കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുന്ന മണ്ഡലങ്ങളിൽ ഒന്ന് കണ്ണൂരിലെ കല്യാശേരിയാണ് എന്നതിൽ സംശയമില്ല.

മുൻ മുഖ്യമന്ത്രി നായനാരുടെ ജന്മദേശമാണ് കല്യാശേരി. മണ്ഡല രൂപീകരണം തൊട്ടിങ്ങോട്ട് മൂന്ന് തവണയും സിപിഎം മാത്രം ജയിച്ച മണ്ഡലമാണിത്. യുവമുഖങ്ങൾ മാത്രമിറങ്ങുന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറിയ രണ്ട് പേരും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിമാരുമാണ്. ടി വി രാജേഷും എം വിജിനും കല്യാശേരിയിൽ നിന്ന് വിജയിച്ച് കയറിയ എംഎൽഎമാരാണ്. ആദ്യ മത്സരത്തിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് എം വിജിൻ ജയിച്ചു കയറിയത്. യുവമുഖമെന്നതും ഒരു അവസരം കൂടി ബാക്കിയെന്നതും അനുകൂല ഘടകങ്ങളാണ്. മാറിയ സാമുദായിക പിന്തുണയും നഷ്ടപ്പെട്ട ന്യൂനപക്ഷവോട്ടുകളും പ്രതിസന്ധിയും. ജീവന്മരണ പോരാട്ടത്തിന് പഴയ പോരാളി ടി വി രാജേഷിനെ തന്നെ പരിഗണിക്കാമെന്ന ചർച്ചയും സജീവമാകുന്നുണ്ട്. സുരക്ഷിത മണ്ഡലത്തിൽ ഇ പി ജയരാജനടക്കമുളള മുതിർന്ന നേതാക്കളും പരിഗണനയിലുണ്ട്.

പത്തു പഞ്ചായത്തുകൾ ചേർത്ത് 2011ൽ രൂപീകൃതമായതാണ് കല്യാശേരി. പത്തിൽ എട്ടും എൽഡിഎഫ് ആണ് ഭരിക്കുന്നത്. രണ്ട് തീരദേശ പ‍ഞ്ചായത്തുകൾ യുഡിഎഫ് ആണ്. എന്നാൽ ഈ കണക്കുകളിൽ കാര്യമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താന്റെ ലോക്സഭ തേരോട്ടം പറയും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 13694 വോട്ടിന്റെ ലീഡ് എൽഡിഎഫിന് നൽകിയ കല്യാശേരി 2024 ൽ നൽകിയത് 1058 മാത്രം. അടിയൊഴുക്കുകളിൽ പ്രതീക്ഷ വച്ച് കെ പി സി സി അംഗം അമൃത രാമകൃഷ്ണനെ രംഗത്തിറക്കിയേക്കും യുഡിഎഫ്. ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്തിന്റെ പേരും മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പിലും ഇടതിനെ കൈവിടാത്ത മണ്ഡലം ആഞ്ഞുപിടിച്ചാൽ ആരെയും തുണയ്ക്കുമെന്നാണ് ഒടുവിലെ അനുഭവം. കൂട്ടിയും കിഴിച്ചും മണ്ഡലത്തെയറിയുന്ന സ്ഥാനാർത്ഥിയിറക്കാനാണ് ഇടതിന്റെയും വലതിന്റെയും ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം', മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും പരാതി നൽകി ദീപകിന്‍റെ കുടുംബം
'ടീച്ചറുടെ ജീവിതം നമുക്കെല്ലാം ഊര്‍ജം'; പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി