
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നത്. ഇക്കാര്യവും പേട്ട പൊലീസ് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മേഘയുടെ അക്കൗണ്ട് വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
മകളുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പല സ്ഥലത്ത് വച്ചും എടിഎം കാർഡ് മുഖേനയും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. ഇതിന് ശേഷം മാസചെലവിനായി മേഘയ്ക്ക് സുകാന്ത് സുരേഷ് കുറച്ച് പണം നൽകുന്നതായാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ നിന്നും വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെയാണ് മേഘയുടെ കുടുംബം ഗുരുതര ആരോപണം ഉയർത്തിയിട്ടുള്ളത്. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകൾ വീട്ടിൽ പറഞ്ഞിരുന്നത്. മകൾക്ക് വാങ്ങി നൽകിയ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണെന്ന ധാരണയിൽ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകൾ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനൻ വിശദമാക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ മാർച്ച് 24നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന പത്തനംതിട്ട സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. സുകാന്ത് ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. അതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam