മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു

Published : May 28, 2025, 12:57 PM IST
മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു

Synopsis

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം വീണ് ഒരാൾ മരിച്ചു, 25 വീടുകള്‍ തകര്‍ന്നു. മെയ് 24 മുതല്‍  മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 വീടുകളാണ് തകര്‍ന്നത്. 

ഉടുമ്പന്‍ചോല താലൂക്കില്‍ 12 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ അഞ്ച് വീടുകളും തൊടുപുഴ താലൂക്കില്‍ ആറെണ്ണവും ഇടുക്കി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. 

അതിതീവ്ര മഴയ്ക്ക് സാധ്യത

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വ്യാഴം വെള്ളി (29,30) ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച (31) മഞ്ഞ അലര്‍ട്ടാണ്. ജില്ലയില്‍ ഇതേ വരെ ഒരു ദുരിതാശ്വാസ ക്യാമ്പാണ് തുറന്നിട്ടുള്ളത്.  89 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 17 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ മൂന്നു കുട്ടികളും 10 സ്ത്രീകളുമുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2333.62 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 118.1 അടിയാണ് ജലനിരപ്പ്.

ഗ്യാപ്പ് റോഡിലും ദേശീയപാത 85 ലും ഗതാഗത നിയന്ത്രണം

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദേശീയപാത 85 ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍  കൊച്ചി - ധനുഷ്‌കോടി ദേശീയപാത ഇരുട്ടുകാനത്തു നിന്നും കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാം മൈല്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ പൂര്‍ണമായി നിരോധിച്ചു. കൊച്ചിയില്‍ നിന്നും മൂന്നാര്‍ പോകുന്ന വാഹനങ്ങള്‍ ഇരുട്ടുകാനത്ത് നിന്നും ആനച്ചാല്‍, രണ്ടാം മൈല്‍ വഴി പോകണം. മൂന്നാറില്‍ നിന്നും കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ രണ്ടാം മൈലില്‍ നിന്നും ആനച്ചാല്‍, ഇരുട്ടുകാനം വഴി പോകേണ്ടതാണ്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ