
തിരുവനന്തപുരം: പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ തുറന്നടിച്ച് ജേക്കബ് തോമസ് ഐപിഎസ്. കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം. ഫെയ്സ്ബുക്കിലാണ് ജേക്കബ് തോമസിന്‍റെ കുറിപ്പ്. "എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..എന്നാണ് ഫേസ്ബുക്കില്‍ കേരള പൊലീസിന്‍റെ തോക്കുകളും ഉണ്ടകളും കാണാതായ സിഎജി റിപ്പോര്‍ട്ടിലെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പങ്കുവച്ച് ജേക്കബ് തോമസ് ഐപിഎസ് പറയുന്നത്.
അതേ സമയം സിഎജി റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് എത്തി, നവീകരണത്തിന്റെ മറവിൽ പൊലീസ് തലപ്പത്ത് വർഷങ്ങളായി നടക്കുന്ന ക്രമക്കേടുകളാണ് ഇന്നലെ സഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള കമ്പനികൾക്ക് കെൽട്രോൺ പുറം കരാർ നൽകുന്നുവെന്ന സൂചനയാണ് സിഎജി നൽകുന്നത്.
പൊലീസിലെ ഭൂരിപക്ഷം വാങ്ങലുകൾക്കുമിടയിൽ കെൽട്രോണുണ്ട്. പൊതുമേഖലാ സ്ഥാപനമെന്ന ലേബലിൽ കെൽട്രോണിനെ നിർത്തിയാണ് വെട്ടിപ്പെട്ടെന്നാണ് സിഎജി കണ്ടെത്തൽ. ശബരിമലയിൽ 2017ൽ സുരക്ഷ ഉപകരണങ്ങൾ വാങ്ങിയത് ചെറിയൊരുദാഹരണം. 30 സുരക്ഷ ഉപകരണങ്ങള്‍ വാങ്ങാൻ സർക്കാർ നൽകിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെൽട്രോണ്‍ നൽകിയ വിശദമായ പ്രോജക്ടട് റിപ്പോർട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്പോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെൽട്രോൺ നൽകിയിരിക്കുന്നതെന്ന് കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam