വിദ്യാഭ്യാസ വായ്‌പ നിഷേധിച്ച ബാങ്കിന് മുന്നിൽ സമരവുമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ

By Web TeamFirst Published Feb 13, 2020, 7:30 AM IST
Highlights

ആലപ്പുഴ ആറാട്ടുപുഴയിലെ കോർപറേഷൻ ബാങ്കിന് മുന്നിലാണ് പ്രതിഷേധസമരം. വായ്പയ്ക്കുള്ള അപേക്ഷ വാങ്ങിയ ശേഷമാണ് തൊഴിൽ സാധ്യത കുറവാണെന്ന കാരണം പറഞ്ഞ് ലോൺ നിഷേധിച്ചത്

ആലപ്പുഴ: മക്കൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പൊതുമേഖലാ ബാങ്കിന് മുന്നിൽ സമരവുമായി മത്സ്യതൊഴിലാളി കുടുംബങ്ങൾ. ആലപ്പുഴ ആറാട്ടുപുഴയിലെ കോർപറേഷൻ ബാങ്കിന് മുന്നിലാണ് പ്രതിഷേധസമരം. വായ്പയ്ക്കുള്ള അപേക്ഷ വാങ്ങിയ ശേഷമാണ് തൊഴിൽ സാധ്യത കുറവാണെന്ന കാരണം പറഞ്ഞ് ലോൺ നിഷേധിച്ചത്.

ആറാട്ടുപുഴ സ്വദേശിനിയും മത്സ്യത്തൊഴിലാളിയുമായ സീന, മകളെ ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ നഴ്സിംഗ് പഠനത്തിന് ചേർന്നിട്ട് ആറ് മാസം കഴിഞ്ഞു. ഫീസ് അടയ്ക്കാൻ നിവൃത്തിയില്ല. വിദ്യാഭ്യാസ വായ്പ നൽകാമെന്ന ബാങ്ക് മാനേജറുടെ വാക്ക് വിശ്വസിച്ചാണ് പലരിൽ നിന്നായി കടംവാങ്ങി പഠനത്തിന് അയച്ചത്. എന്നാൽ നഴ്സിംഗിന് തൊഴിൽസാധ്യത കുറവാണെന്നും വായ്പ അനുവദിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഇവരെ കോർപറേഷൻ ബാങ്ക് രേഖാമൂലം അറിയിച്ചു. 

ആറാട്ടുപുഴയിൽ തന്നെയുള്ള വിനോദിന്‍റെയും വീണയുടെയും മകൾക്കും ഇതേ കാരണം പറഞ്ഞ് വായ്പ നിഷേധിച്ചു. ഇവരുടെ മകളും ബംഗളൂരുവിൽ പഠിക്കുകയാണ്. ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക്, പിന്തുണയുമായി ജനപ്രതിനിധികളുമെത്തി. വായ്പ നൽകുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് മാനേജർ പറയുന്നത്. തിരിച്ചടവ് മുടങ്ങുന്നത് കൊണ്ടാണ് വിദ്യാഭ്യാസ വായ്പകളിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചതെന്നാണ് ബാങ്കിന്‍റെ വിശദീകരണം.

click me!