
കോഴിക്കോട്: ചെങ്ങോട്ട് മലയിൽ ക്വാറിക്കെതിരെ നാട്ടുകാർ സമരം തുടരുമ്പോൾ പൊലീസ് ക്വാറി കമ്പനിക്ക് വേണ്ടി കള്ളക്കളി നടത്തുന്നതായി ആരോപണം. ക്വാറി കമ്പനി കുടിവെള്ള ടാങ്ക് തകര്‍ത്തെന്ന സമര സമിതിയുടെ പരാതി കളവാണെന്ന് കൂരാച്ചുണ്ട് പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയതാണ് ആരോപണത്തിന് കാരണം. സാക്ഷി മൊഴികള്‍ രേഖപ്പെടുത്താതെ പൊലീസ് കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.
കോഴിക്കോട് കോട്ടൂര്‍ ചെങ്ങോട്ട്മലയില്‍ കുടിവെള്ള ടാങ്ക് ഉണ്ടായിരുന്നു. 2018 മാര്‍ച്ച് 23 നാണ് ടാങ്ക് പൊളിച്ചതെന്ന് ചെങ്ങോട്ട്മല സംരക്ഷണ സമിതി പറയുന്നു. പൊളിക്കുന്നതിന് മൂന്ന് പേര്‍ സാക്ഷികളുമാണ്. എന്നാല്‍ കൂരാച്ചുണ്ട് പൊലീസ് സാക്ഷികളെ വിളിച്ചു വരുത്തുകയല്ലാതെ ഇവരുടെ മൊഴിയെടുത്തില്ലെന്നാണ് ആരോപണം.
രണ്ട് വര്‍ഷമായി ചെങ്ങോട്ട്മലയിലെ ക്വാറിക്കെതിരെ നാട്ടുകാര്‍ സമരത്തിലാണ്. കുടിവെള്ള ടാങ്ക് തകര്‍ത്താണ് ഖനന ശ്രമമെന്ന് ആരോപിച്ച് ചെങ്ങോട്ട്മല സംരക്ഷണ സമിതി പരാതി നല്‍കിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ക്വാറി മുതലാളി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ ബാലുശേരി പൊലീസ് കേസെടുക്കുകയും ചെയ്തു.
ടാങ്ക് നിലനിന്നിരുന്ന ഭൂമി കൂരാച്ചുണ്ട് സ്റ്റേഷന്‍ പരിധിയിലാണെന്ന് കാണിച്ച് ബാലുശേരി പൊലീസ് കേസ് പിന്നീട് കൂരാച്ചുണ്ട് പൊലീസിന് കൈമാറി. ഇതിലാണ് ഇപ്പോള്‍ കേസ് കളവാണെന്ന് കാണിച്ച് കൂരാച്ചുണ്ട് പൊലീസ് പേരാമ്പ്ര കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സമര സമിതി കാണിച്ച് തന്ന സ്ഥലത്താണ് പരിശോധന നടത്തിയതെന്നും സ്റ്റേറ്റ് റിമോർട്ട് സെൻസിംങ്ങ് സെന്‍ററിൽ നിന്ന് ലഭിച്ച 2011 മുതല്‍ 2019 വരെയുള്ള ഉപഗ്രഹ മാപ്പിൽ ഇവിടെ ഇത്തരമൊരു കുടിവെള്ളടാങ്ക് ഉണ്ടായിരുന്നതിന് തെളിവില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam