കൂടത്തായിയില്‍ 2500 കിലോ പഴകിയ മത്സ്യം പിടികൂടി

By Web TeamFirst Published Apr 10, 2020, 4:59 PM IST
Highlights

കൂടത്തായിയില്‍ 1480 കിലോ മത്തിയും 980 കിലോ പല്ലിക്കോരയുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്. മൊബൈല്‍ ലബോറട്ടറി എത്തിച്ച് തത്സമയമായിരുന്നു പരിശോധന.

കോഴിക്കോട്: പഴകിയതും മായം കലര്‍ന്നതുമായ മീന്‍ കണ്ടെത്താന്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക പരിശോധന. കൂടത്തായിയില്‍ പിടിച്ചെടുത്ത പഴകിയ മത്സ്യം നശിപ്പിക്കുന്നു. കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്ന 2500 കിലോ പഴകിയ മീനാണ് കുഴി കുത്തി മൂടുന്നത്.

പഴകിയ പല്ലിക്കോര, മത്തി മീനുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് പിടികൂടിയത്. കോഴിക്കോട് കൂടത്തായിയിലെ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്ന മത്സ്യ സാമ്പിളുകള്‍ പരിശോധയ്ക്ക് അയക്കുകയും ഇതില്‍ പഴകിയതെന്ന് കണ്ടെത്തിയ മീനുകളാണ് പിടിച്ചെടുത്ത് കുഴികുത്തി മൂടിയത്. 1480 കിലോ മത്തിയും 980 കിലോ പല്ലിക്കോരയുമാണ് നശിപ്പിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വകുപ്പ്, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. 

മൊബൈല്‍ ലബോറട്ടറി എത്തിച്ച് തത്സമയമായിരുന്നു പരിശോധന. മീനില്‍ ഫോര്‍മാലിന്‍, അമോണിയ അടക്കമുള്ളവ കലര്‍ത്തിയിട്ടുണ്ടോ പഴകിയതാണോ തുടങ്ങിയവയാണ് പരിശോധിച്ചത്. സെന്‍ട്രല്‍, വെള്ളയില്‍, ഇംഗ്ലീഷ് പള്ളി, ഇഖ്റ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിയിരുന്നു പരിശോധന. ഇംഗ്ലീഷ് പള്ളി മാര്‍ക്കറ്റില്‍ നിന്ന് കോലി, പപ്പന്‍സ് മീനുകളും ഇഖ്റ മാര്‍ക്കറ്റില്‍ നിന്ന് മത്തിയും പഴകിയതാണെന്ന് കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു.

click me!