
ആലപ്പുഴ: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പൊലീസ് പരിശോധന നടത്തി. വാരനാട് സ്വദേശിനിയായ റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതക കേസിൽ തെളിവെടുപ്പിന്റെ ഭാഗമായാണ് ചേർത്തല പൊലീസ് പരിശോധന നടത്തിയത്. ഡി വൈ എസ് പി പി ടി അനിൽ കുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ലൈസാദ് മുഹമ്മദ്, ആലപ്പുഴ ഫോറൻസിക് ഉദ്യോഗസ്ഥ ദീപ അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ബുധനാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന ഒന്നരവരെ നീണ്ടു. മണ്ണ് മാന്തി യന്ത്രത്തിന്റെയും മോട്ടോർ പമ്പിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസുകളിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നൽകിയത്. തുടർന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. ബിന്ദുവിന്റെ ശരീര അവശിഷ്ടങ്ങൾ കത്തിച്ച ശേഷം തണ്ണീർ മുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിൽ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
വാരനാട് സ്വദേശിനി ഹയറുമ്മയുടെ തിരോധാന കേസ് ചേർത്തല ലോക്കൽ പൊലീസാണ് അന്വേഷിക്കുന്നത്. ഇവരെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ ആരോപണം. വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭന്റെ കേസ് നേരത്തെ അന്വേഷണം വഴിമുട്ടിയ നിലയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam