സ്വാതന്ത്ര്യദിന പരേഡ് ചടങ്ങുകൾ പത്ത് മിനിറ്റ് മാത്രം; മാർച്ച് പാസ്റ്റും ഗാർഡ് ഓഫ് ഓണർ പരിശോധനയുമുണ്ടാവില്ല

By Web TeamFirst Published Aug 14, 2020, 3:31 PM IST
Highlights

മുഖ്യമന്ത്രി അഞ്ചു മിനിറ്റ് മാത്രമേ പ്രസം​ഗിക്കൂ. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കൽ മാത്രമേ ഉണ്ടാവൂ. മാർച്ച് പാസ്റ്റും, ഗാർഡ് ഓഫ് ഓണർ പരിശോധനയുമുണ്ടാവില്ലെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. 

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പത്ത് മിനിറ്റായി ചുരുക്കാൻ ആലോചന. പതാക ഉയർത്തലിനു ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ചുമിനിറ്റ് മാത്രമായിരിക്കും. സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കൽ മാത്രമാകും ഉണ്ടാവുക. മാർച്ച് പാസ്റ്റോ ഗാർഡ് ഓഫ് ഓണറോ ഉണ്ടാകില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് വൈകാതെ അന്തിമ ഉത്തരവിറക്കും. 

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ എല്ലാവർഷത്തെയും പോലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പ്രോട്ടോകോള്‍ പ്രകാരം വളരെ കുറച്ച് ഉദ്യോഗസ്ഥർമാത്രമായിരിക്കും സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പങ്കെടുക്കുക.

അതേസമയം, എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. "ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരരെന്നനിലയില്‍ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്.

നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി  സംഭാവനചെയ്യാന്‍ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം" - ഗവര്‍ണര്‍ ആശംസിച്ചു.
 

Read Also: രാജസ്ഥാൻ നിയമസഭയിൽ വിശ്വാസ പ്രമേയം ചർച്ചയ്ക്ക്; 'റിസോർട്ട് രാഷ്ട്രീയ'ത്തിൽ വാദപ്രതിവാദങ്ങൾ|Live...

 

click me!