
ഇടുക്കി: ചപ്പാത്തിൽ വീടിനു മുന്നിലെ റോഡിൽ തലക്ക് പരുക്കേറ്റ നിലയിൽ കണ്ടത്തിയ നാൽപ്പതുകാരന് 109 ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല. അപകടം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താതെ ഉപ്പുതറ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. സത്യം വെളിച്ചത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് അച്ഛൻ പരാതി നൽകി.
കഴിഞ്ഞ ഒക്ടോബർ 24 രാത്രിയാണ് സംഭവം. ചപ്പാത്ത് സ്വദേശി മോഹനന്റെ മകൻ ബിനോജിനാണ് പരിക്കേറ്റത്. വീടിനു മുൻവശത്ത് റോഡരികിൽ ഒരാൾ കിടക്കുന്നു എന്ന് വാഹനയാത്രക്കാരൻ അറിയിച്ചതനുസരിച്ച് നോക്കിയപ്പോഴാണ് മകൻ ബിനോജാണ് പരുക്കേറ്റു കിടക്കുന്നതെന്ന് മോഹനന് മനസ്സിലായത്. തലയ്ക്കു പിന്നിലാണ് ബിനോജിന് ഗുരുതരമായി പരിക്കേറ്റത്. വിവിധ ആശുപത്രികളിലെത്തിച്ച് 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദഗ്ധ ചികിത്സ നൽകുകയും പലപ്രാവശ്യം ശസ്ത്രക്രിയ നടത്തുകയും ചെയ്‌തെങ്കിലും ബിനോജിന്റെ ബോധം വീണ്ടെടുക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
സംഭവം നടന്ന് മൂന്നരമാസം കഴിഞ്ഞിട്ടും നീതിതേടുകയാണ് ഈ കുടുംബം. ഉപ്പുതറ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ജനുവരി 31ന് കേസ് അന്വേഷണം നിർത്തിയെന്നാണ് ഉപ്പുതറ പൊലീസ് അറിയിച്ചത്. മൊഴിയെടുക്കാനോ, തെളിവ് ശേഖരിക്കാനോ കഴിയാത്തതാണ് അന്വേഷണം അവസാനിപ്പിക്കാൻ കാരണമെന്ന് പോലീസിന്റെ മറുപടി.
തുടർ ചികിത്സക്ക് വഴിയില്ലാതെ വിഷമിക്കുകയാണ് കുടുംബം ഇപ്പോൾ. സന്ധ്യകഴിഞ്ഞ് ചപ്പാത്ത് ടൗണിലേക്ക് പോയ മകനോടൊപ്പം ഒരാൾ നടന്നുവരുന്ന സി.സി.ടി.വി. ദൃശ്യം ശേഖരിച്ചെങ്കിലും കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് മോഹനൻ പറയുന്നു. ബിനോജിൻറെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളടങ്ങിയ കവർ സമീപത്തെ പാൽസൊസൈറ്റിക്കു മുന്നിൽനിന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന് രണ്ടുദിവസം മുമ്പ് അയൽവാസിയും ബിനോജും തമ്മിൽ സംഘർഷമുണ്ടായതായും അച്ഛൻ പറഞ്ഞു.
അക്കൗണ്ട് വിവരങ്ങൾ
Account No – 40391101000292
Name – MOHANAN
Bank – KERALA GRAMIN BANK, UPPUTHARA BRANCH
IFSC – KLGB0040391
Mobile - 7561073475
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam