പല കാര്യങ്ങൾക്ക് നൽകിയ തിരിച്ചറിയൽ രേഖ ദുരുപയോഗിച്ച് 55 കോടിയുടെ തട്ടിപ്പ്, ലോണെടുക്കാത്തവർക്കും നോട്ടീസ്

Published : Jan 10, 2024, 10:41 AM IST
പല കാര്യങ്ങൾക്ക് നൽകിയ തിരിച്ചറിയൽ രേഖ ദുരുപയോഗിച്ച് 55 കോടിയുടെ തട്ടിപ്പ്, ലോണെടുക്കാത്തവർക്കും നോട്ടീസ്

Synopsis

പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണ സമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ലോണ്‍ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

കൊച്ചി: എറണാകുളം അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നടന്നത് 55 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പ്. ഭരണ സമിതിയും ജീവനക്കാരും ചേർന്നുള്ള സംഘടിത തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നാണ് കണ്ടെത്തൽ. സഹകരണ വകുപ്പ് നൽകിയ പരാതിയിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും പ്രതികളാക്കി അങ്കമാലി പൊലീസ് കേസെടുത്തു.

2002 ലാണ് അങ്കമാലി അർബൻ സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പി ടി പോളിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തെരഞ്ഞെടുപ്പ് പോലുമില്ലാതെ വർഷങ്ങളായി ബാങ്കിന്‍റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. പോളിന്‍റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയും ജീവനക്കാരും ചേർന്ന് ബാങ്കിൽ നടത്തിയത് 55 കോടിയുടെ തട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. 

തുടർന്ന് എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ നൽകിയ പരാതിയിലാണ് 20 പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തത്. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. മാസങ്ങള്‍ക്ക് മുൻപ് മരിച്ച കോണ്‍ഗ്രസ് നേതാവും മുൻ പ്രസിഡന്‍റുമായ പി ടി പോളാണ് ഒന്നാം പ്രതി. നിലവിലെ പ്രസിഡന്‍റ് കെ ജി രാജപ്പൻ നായർ മൂന്നാം പ്രതി. വിശ്വാസ വഞ്ചന, വ്യജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പ്രതികളെ ഉടൻ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

വായ്പയില്ല, നിക്ഷേപമില്ല; ബാങ്കിൽ ഇന്‍റീരിയർ ചെയ്ത സുനിലിനും ഭാര്യക്കും കിട്ടി 25 ലക്ഷം തിരിച്ചടക്കാൻ നോട്ടീസ്

പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണ സമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി ലോണ്‍ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോണ്‍ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ലോണെടുക്കാത്തവർക്കും നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. പ്രശ്നം പരിഹരിക്കാൻ സഹകരണ വകുപ്പും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും