വ്യാജ അംഗത്വവും ഒപ്പുമിട്ട് വലിയ തുക വായ്പ തട്ടിച്ചെന്ന പരാതിയുമായി കൂടുതൽ പേർ ബാങ്കിനെതിരെ രംഗത്തെത്തി. ചിട്ടിയും നിക്ഷേപങ്ങളും നടത്തിയവർ ഉള്ള് പൊള്ളി ബാങ്ക് മുറ്റത്ത് എന്നും വന്ന് നില്പാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് ആരും സംരക്ഷണം നൽകില്ലെന്ന് എംഎല്‍എ.
കൊച്ചി: എറണാകുളം അങ്കമാലി അർബൻ സർവ്വീസ് സഹകരണ തട്ടിപ്പിൽ ബാങ്ക് ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ആവശ്യവുമായി നിക്ഷേപകർ. വ്യാജ അംഗത്വവും ഒപ്പുമിട്ട് വലിയ തുക വായ്പ തട്ടിച്ചെന്ന പരാതിയുമായി കൂടുതൽ പേർ ബാങ്കിനെതിരെ രംഗത്തെത്തി. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് ആരും സംരക്ഷണം നൽകില്ലെന്ന് വ്യക്തമാക്കിയ അങ്കമാലി എംഎൽഎ റോജി എം ജോൺ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ചു.
അങ്കമാലി സ്വദേശിയായ സുനിൽ അങ്കമാലി അർബൻ സഹകരണ ബാങ്കിനുള്ളിലെ ഇന്‍റീരിയർ ജോലി ചെയ്തിരുന്നു. ചെയ്യുന്ന ജോലിക്ക് വൗച്ചറിൽ പണം എഴുതി വാങ്ങി പോകുമെന്നല്ലാതെ വായ്പയുമില്ല നിക്ഷേപവുമില്ല. എന്നിട്ടും സുനിലിനും ഭാര്യക്കും കിട്ടി 25 ലക്ഷം രൂപ വായ്പ തിരിച്ചടക്കണമെന്ന നോട്ടീസ്.
സാജുവിന്‍റെ ഒരു പണമിടപാട് തർക്കത്തിൽ മധ്യസ്ഥനായിരുന്നു ബാങ്ക് പ്രസിഡന്‍റായിരുന്ന പി ടി പോൾ. 25 ലക്ഷം രൂപയുടെ വായ്പ നോട്ടീസ് അങ്ങനെ സാജുവിനും കിട്ടി. ചിട്ടിയും നിക്ഷേപങ്ങളും നടത്തിയവർ ഉള്ള് പൊള്ളി ബാങ്ക് മുറ്റത്ത് എന്നും വന്ന് നില്പാണ്. മുന്നൂറിലധികം പേരുടെ ലോണ്‍ അപേക്ഷ വ്യാജമായി ഉണ്ടാക്കിയതാണെന്ന് നിക്ഷേപകര്‍ പറയുന്നു. കള്ള ഒപ്പിട്ട് കൂട്ടിച്ചേര്‍ത്തവയുമുണ്ട്. ഒരു ലക്ഷം ലോണെടുത്തവരുടെ പേരില്‍ 10 ലക്ഷം വരെ ബാങ്ക് കൂട്ടിച്ചേര്‍ത്ത സംഭവങ്ങളുണ്ട്. 110 കോടി രൂപ ലോണെടുത്തു എന്നു പറയുന്നതില്‍ 10 കോടി പോലും ശരിക്കുമുണ്ടാവില്ലെന്നും നിക്ഷേപകര്‍ പറയുന്നു.
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് അങ്കമാലി എംഎൽഎ റോജി എം ജോണ്‍ ആവശ്യപ്പെട്ടു. ബാങ്ക് തട്ടിപ്പ് പുറത്ത് വന്നതോടെ ബാങ്കിന്‍റെ നിയന്ത്രണം സഹകരണ വകുപ്പ് നേരിട്ട് ഏറ്റെടുത്തു. തട്ടിപ്പിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കുകയാണ് നിക്ഷേപകരും ഒന്നും അറിയാതെ കെണിയിൽ പെട്ട് പോയവരും

