സംസ്ഥാനത്ത് അടുത്തിടെ ചത്തത് എട്ട് കടുവകള്‍; പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്

By Web TeamFirst Published Aug 18, 2020, 12:01 PM IST
Highlights

ദേശീയ തലത്തില്‍ ഈ വര്‍ഷം കൂടുതല്‍ കടുവകള്‍ ചത്ത പട്ടികയില്‍ മൂന്നാമതാണ് കേരളം...
 

കല്‍പ്പറ്റ: കേരളത്തിലെ വനങ്ങളില്‍ സമീപകാലത്ത് 8 കടുവകള്‍ ചത്തു. കൂടുതല്‍ കടുവകള്‍ ചത്തത് വയനാട് വന്യജീവി സങ്കേതത്തിലാണ്. ദേശീയ തലത്തില്‍ കൂടുതല്‍ കടുവകള്‍ ചത്ത പട്ടികയില്‍ മൂന്നാമതാണ് കേരളം. അതിജീവന പോരാട്ടത്തിനൊപ്പം അസുഖങ്ങളും കടുവകള്‍ ചാകാന്‍ കാരണമാകുന്നുണ്ട്.

ഓഗസ്റ്റ് 14 ന് ആണ് പുല്‍പ്പള്ളിക്കടുത്ത് 12 വയസ്സ് പ്രായം വരുന്ന കടുവ ചത്തത്. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം അടുത്തിടെ ചത്തത് 6 കടുവകളാണ്. പത്തനംതിട്ട തണ്ണിത്തോട് നാട്ടിലിറങ്ങിയ കടുവയും ചത്തിരുന്നു. ഈ രണ്ട് കടുവകളും മനുഷ്യരെ ആക്രമിച്ച് കൊലപടുത്തിയവാണ്. ചത്ത കടുവകളധികവും പ്രായമായതോ ശാരീരിക അവശത നേരിടുന്നതോ ആണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലും വ്യക്തമായി.

രണ്ട് കടുവകളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് രോഗ ലക്ഷണങ്ങളും കണ്ടു. ദേശീയ തലത്തില്‍ ഈ വര്‍ഷം കൂടുതല്‍ കടുവകള്‍ ചത്ത പട്ടികയില്‍ മൂന്നാമതാണ് കേരളം. കടുവകളുടെ എണ്ണത്തിന് ആനുപാതികമായി 5 മുതല്‍ 10 ശതമാനം വരെ ചത്തുപോകാന്‍ സാധ്യത ഉണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. വയനാട്ടില്‍ 150- 160 നും ഇടയില്‍ കടുവകളുണ്ടെന്നാണ് കണക്ക്. 

സ്വന്തം വാസ മേഖല സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട് പരിക്കുമായി പുറത്ത് പോകേണ്ടിവരുന്ന കടുവകളാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. ഇത്തരത്തില്‍ പരിക്കേല്‍ക്കുന്ന കടുവകളെയും പുലികളെയും സംരക്ഷിക്കാന്‍ ബത്തേരി അഞ്ചാംമൈലില്‍ വനംവകുപ്പ് സാന്ത്വന മൃഗ പരിപാലന കേന്ദ്രം സജ്ജമാക്കാനൊരുങ്ങുകയാണ്. 75 ലക്ഷം രൂപ ചിലവിട്ട് തയ്യാറാക്കുന്ന പദ്ധതിക്ക് അന്തിമരൂപരേഖയായി.

click me!