
ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നൽകും. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ മഫ്റ്റിയിലുണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി. എന്നാൽ ആഘോഷം അതിര് വിട്ടപ്പോൾ യുവാക്കളെ മാത്രമാണ് മർദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നും മഫ്റ്റി പൊലീസ് ഉണ്ടായിരുന്നില്ലെന്നുമാണ് കായംകുളം പൊലീസിന്റെ വാദം. നേരത്തെ കുട്ടിയിൽ നിന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ മൊഴിയെടുത്തിരുന്നു. കുട്ടിയാണെന്നറിഞ്ഞിട്ടും മഫ്റ്റിയിലുള്ള പൊലീസുകാരൻ ലാത്തി കൊണ്ട് മർദിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പുറത്താണ് അടിയേറ്റത്. പരിക്കേറ്റ നാലാം ക്ലാസുകാരൻ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി
ആലപ്പുഴയിൽ പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുപോയി നശിപ്പിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാല പ്രതികരിച്ചു. വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.