
റായ്പുർ: മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്‍റെയും ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ചയാണ് ഛത്തീസ്ഗഡ് കാണുന്നതെന്ന് എ എ റഹീം എംപി. നിയമം നിയമത്തിന്റെ വഴിക്കെന്ന് പറഞ്ഞ ബിജെപി മുഖ്യമന്ത്രിയുടെ നാട്ടിൽ നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവൻ നടന്നത്. രോഗങ്ങൾ ഉള്ള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ഇതുവരെ നൽകിയിട്ടില്ല. കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പമാണ് തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാരുള്ളതെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
''നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവർത്തിക്കുന്നോ?'' സിസ്റ്റർമാരായ വന്ദന ഫ്രാൻസിസും പ്രീതി മേരിയും സംഘപരിവാർ ക്രിമിനൽ സംഘത്തിൽ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമണിത്. അവർ ഇത് പറയുമ്പോൾ, ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. കണ്ഠമിടറി. വാക്കുകൾ ഇടയ്ക്ക് നിന്നു. ബ്രിന്ദ കാരാട്ടിന്‍റെ ചുമലിലേക്ക് ചാഞ്ഞുവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
വിചാരധാരയിലെ വരികൾക്ക് ജീവൻവച്ച ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ചാണ് ബജറംഗ് ദൾ ക്രിമിനലുകൾ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തെന്നും പൊലീസ് കസ്റ്റഡിയിൽ വച്ചു കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ സംഘം പൊതിരെ തല്ലിയെന്നും എ എ റഹീം പറഞ്ഞു. രണ്ട് പെൺകുട്ടികൾക്കും ക്രൂരമായ മർദനം കിട്ടുമ്പോഴും പൊലീസ് മൂകസാക്ഷികളായിരുന്നുവെന്നും എ എ റഹീം കുറിച്ചു.
അതേസമയം, ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് ഇന്ന് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.