
ഇടുക്കി: പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് (Youth Congress Workers) ധീരജിനെ കുത്തിയതെന്ന് സഹപാഠി. ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടുമാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി. യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നുപേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയതെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ധീരജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു എന്നാണ് വിവരം. കോളേജ് ഗേറ്റിന് പുറത്ത് വച്ചാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജലജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നെഞ്ചിനാണ് ധീരജിന് കുത്തേറ്റതെന്നും ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നും ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam