'പണ്ട് എനിക്കും ഈ സ്വഭാവം ഉണ്ടായിരുന്നു, പ്രായം ചാപല്യങ്ങളെ ഇല്ലാതാക്കി': ജി സുധാകരനെ കുറിച്ചുള്ള കുറിപ്പ്, വിശദീകരണവുമായി എ കെ ബാലൻ

Published : Oct 15, 2025, 11:47 AM IST
AK Balan G Sudhakaran conflict

Synopsis

താൻ പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ ജി സുധാകരനുണ്ടെന്ന് എ കെ ബാലൻ പറഞ്ഞു. മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുത്. പണ്ട് തനിക്കും അതു പോലൊരു സ്വഭാവം ഉണ്ടായിരുന്നുവെന്ന് എ കെ ബാലൻ പറഞ്ഞു.

പാലക്കാട്: മുൻ മന്ത്രി ജി സുധാകരൻ താൻ സഹോദരനെ പോലെ കാണുന്ന ആളാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എസ്എഫ്ഐ കാലത്തെ കുറിച്ചുള്ള ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ചാണ് എ കെ ബാലന്‍റെ വിശദീകരണം. താൻ പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ ജി സുധാകരനുണ്ടെന്ന് എ കെ ബാലൻ പറഞ്ഞു. മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുത്. അവഗണനയെന്ന് തോന്നുമ്പോൾ അത്തരം വികാരങ്ങളുണ്ടാകും. അത് അതു പോലെ പുറത്തു വരരുത്. പണ്ട് തനിക്കും അതു പോലൊരു സ്വഭാവം ഉണ്ടായിരുന്നു. പ്രായം അത്തരം ചാപല്യങ്ങളെ ഇല്ലാതാക്കി. എസ്എഫ്ഐ ആയിരിക്കുമ്പോൾ ഉള്ള സ്വഭാവത്തിൽ ജി സുധാകരന് മാറ്റമില്ലെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു. അവഗണന ഉണ്ടെന്ന് ജി സുധാകരൻ പറഞ്ഞതിൽ പാർട്ടി പരിശോധന നടത്തണം. പാർട്ടിയുടെ അന്തസിനു കളങ്കം വരുന്ന നിലയിൽ പരാമർശങ്ങൾ നടത്താൻ പാടില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

എസ്എഫ്ഐ കാലം ഓർത്തെടുത്ത് എ കെ ബാലൻ

എസ്എഫ്ഐ കാലത്ത് ജി സുധാകരനുമായുണ്ടായ കൊമ്പുകോർക്കലിനെ കുറിച്ചായിരുന്നു എ കെ ബാലന്‍റെ ഫേസ് ബുക്ക് കുറിപ്പ്- "എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി എന്ന നിലയിൽ ജി സുധാകരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ മിക്കവാറും എല്ലാ പേജിലും ജി സുധാകരൻ എന്നുണ്ടായിരുന്നു. അതിനെയാണ് ഞാൻ വിമർശിച്ചത്. ലോകപ്രശസ്ത സാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ മാസ്റ്റർ പീസ് കൃതിയാണ് മാക്ബത്. അതിൽ എല്ലാ പേജിലും ബ്ലഡ് അല്ലെങ്കിൽ ബ്ലഡി എന്ന വാക്കുണ്ടാവും. ചുരുക്കത്തിൽ ബ്ലഡിന്റെ കഥ പറയുന്ന ഇതിഹാസ കൃതിയാണ് മാക്ബത്. ആ ബ്ലഡിന്റെയും ബ്ലഡിയുടെയും സ്ഥാനത്താണ് ഈ റിപ്പോർട്ടിലെ സുധാകരന്‍റെ സ്ഥാനം- അതിരുകടന്ന എൻറെ പ്രയോഗത്തിന് കയ്യടി കിട്ടി. ഒപ്പം സമ്മേളനം വീക്ഷിക്കാൻ വന്ന നേതാക്കളുടെ വിമർശനവും കിട്ടി. ചർച്ചയ്ക്ക് മറുപടി പറഞ്ഞ സുധാകരൻ മറുപടി പറഞ്ഞത് ലേഡി മാക്ബത്തിനെ ഉപയോഗപ്പെടുത്തിയായിരുന്നു. സുധാകരൻ പറഞ്ഞു, കണ്ണൂരിൽ നിന്നുള്ള പ്രതിനിധി എ കെ ബാലൻ ഇവിടെ ആടി തിമിർത്തത് ലേഡി മാക്ബത്തിന് സമാനമാണ്. കുറ്റബോധം കൊണ്ട് ലേഡി മാക്ബത് ഉറക്കത്തിൽ ഞെട്ടും. ബേസിനിൽ പോയി കൈ കഴുകും. അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങൾ കൊണ്ട് കഴുകിയാലും എന്‍റെ കയ്യിലെ രക്തക്കറ മാറില്ല. അങ്ങനെ പിറുപിറുക്കും. ലേഡി മാക്ബത്തിന്‍റെ ഉറക്കത്തിലെ നടത്തമാണ് ഇവിടെ ബാലൻ പ്രകടിപ്പിച്ചത്. ഇതിനെ സോംനാംബുലിസം എന്നാണ് പറയുന്നത് . അന്ന് സുധാകരൻ എം എ ഇംഗ്ലീഷ് വിദ്യാർഥിയായിരുന്നു. മറുപടിക്കും പ്രതിനിധികൾ കയ്യടിച്ചു." കാലം തന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരൻ പഴയ ജി സുധാകരൻ തന്നെയാണ്, മാറ്റമില്ലെന്നും എ കെ ബാലൻ കുറിച്ചു.

ഉപദേശിക്കാൻ സജി ചെറിയാന് അർഹതയില്ലെന്ന് ജി സുധാകരന്‍

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ല. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പരാതി വന്നു. സജി ചെറിയാൻ അറിയാതെ പരാതി പോകുമോ. സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും ജി സുധാകരന്‍ ചോദിച്ചു. സജി ചെറിയാൻ പാർട്ടിക്ക് യോജിക്കാതെ സംസാരിക്കുന്നു. പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തി. പാർട്ടി വിലക്കിയില്ല. തന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജിക്കുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം