'അണ്‍ലോക്കാ'യി ഡ്രൈവിംഗ് സ്കൂളുകള്‍; തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി

By Web TeamFirst Published Sep 9, 2020, 5:22 PM IST
Highlights

ഒരു സമയത്ത് വാഹനത്തിൽ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളുമുൾപ്പെടെ രണ്ട് പേർ മാത്രമേ പാടുള്ളൂ. ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനം അണുമുക്തമാക്കണം എന്നീ മാനദണ്ഡങ്ങൾ പാലിച്ച് വേണം സ്ഥാപനങ്ങൾ പ്രവർത്തിക്കാനെന്ന് മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാന്‍ കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചെന്നും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. ഒരു സമയത്ത് വാഹനത്തിൽ പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളുമുൾപ്പെടെ രണ്ട് പേർ മാത്രമേ പാടുള്ളൂ. ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനം അണുമുക്തമാക്കണം എന്നീ മാനദണ്ഡങ്ങൾ പാലിച്ച് വേണം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ എന്ന് മന്ത്രി പറ‍ഞ്ഞു. ഡ്രൈവിംഗ് സ്കൂളുകൾ തുറക്കുന്നതോടെ അപേക്ഷ കിട്ടുന്നതിനനുസരിച്ച് ലൈസൻസ് നൽകി തുടങ്ങും എന്നും അദ്ദേഹം അറിയിച്ചു. 

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ കേരളത്തില്‍ ഡ്രൈവിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.. ലോക്ഡൗണ്‍ ഇളവ് അണ്‍ലോക്കില്‍ എത്തിയിട്ടും ഡ്രൈവിംഗ് സ്കൂളുകള്‍ സ്റ്റാര്‍ട്ടാതിരുന്നത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന പതിനായിരത്തോളം കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരുന്നു. സംസ്ഥാനത്ത് 4500 ഓളം ‍ഡ്രൈവിംഗ് സ്കൂളുകളാണുള്ളത്. പരിശീലനം മുടങ്ങിയതോടെ ഗ്യരേജിലായ വാഹനങ്ങളും നാശത്തിലായിരുന്നു.

click me!