Latest Videos

കണ്ടല ബാങ്കില്‍ വായ്പാ തട്ടിപ്പും: വായ്പ എടുക്കാത്തവര്‍ക്ക് പോലും കുടിശ്ശിക അടയ്ക്കാന്‍ നോട്ടീസ്

By Web TeamFirst Published Jun 15, 2022, 9:18 AM IST
Highlights

കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയ മൂന്ന് കൂലിപ്പണിക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: നൂറ് കോടിയുടെ ക്രമക്കേട് നടന്ന തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പും നടന്നു. ഇതുവരെ കണ്ടല ബാങ്കില്‍ നിന്ന് വായ്പ എടുക്കാത്തവര്‍ക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടി. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയ മൂന്ന് കൂലിപ്പണിക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ബാങ്കിലെ വായ്പകളില്‍ 37 കോടി രൂപയുടേത് അനധികൃതമോ കൃത്രിമമോ ആണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

മാറനെല്ലൂര്‍  പ‍ഞ്ചായത്തില്‍ മാത്രം പ്രവര്‍ത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയന്‍കീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാന്‍ കഴിയാത്ത പ്രദേശമാണ്. എന്നാല്‍ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്. പത്തുമുതല്‍ 20 പേര്‍ വരെയുള്ള സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് സംശയം. ജീവിത്തില്‍ ഇന്നേവരെ ലോണ്‍ എടുക്കാത്ത ആളുമുണ്ട് ഈ കുട്ടത്തില്‍. നൂറുകണക്കിന് പേര്‍ക്കാണ് തോന്നുംപോലെ കണ്ടല ബാങ്കില്‍ നിന്ന് വായ്പ നല്‍കിയത്. കണ്ടല ബാങ്കില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇങ്ങനെ പറയുന്നു. ബാങ്ക് ആകെ 102 കോടി രൂപയുടെ വായ്പ നല്‍കി. ഇതില്‍ 37 കോടി രൂപ തികച്ചും അനധികൃതവും നിയമവിരുദ്ധവും ആണ്. അനധികൃത വായ്പകള്‍ ബാങ്ക് നിയമാവലിക്ക് വിരുദ്ധമായും സഹകരണ ചട്ടവും നിയമവും സഹകരണ രജിസ്ട്രാറുടെ സര്‍ക്കുലറുകളും ലംഘിച്ചാണെന്നും കാണുന്നു. അനധികൃതമായി നല്‍കിയ വായ്പകളില്‍ പലതും തിരിച്ചുപിടിക്കുക സാധ്യമല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.
 

click me!