ഇ പി ജയരാജനെതിരായ നടപടി; വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രിക്ക് നിവേദനം

By Web TeamFirst Published Jul 19, 2022, 6:26 PM IST
Highlights

ഇൻഡിഗോ കമ്പനിയുടെ നടപടി അപലപനീമയെന്ന് ആലപ്പുഴ എംപി, ജയരാജനെ അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് ശരിയായില്ല

ദില്ലി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇടപെട്ട ഇ.പി.ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്. കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇൻഡിഗോയുടെ ഈ നടപടി അനാവശ്യ കീഴ‍്‍വഴക്കത്തിന് വഴിവയ്ക്കുമെന്നും ആരിഫ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിമാനങ്ങളിൽ സമാന രീതിയിലുള്ള ആക്രമണങ്ങൾ വർധിക്കാൻ തീരുമാനം ഇടയാക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വിമാന യാത്രവിലക്ക്; ഇന്‍ഡിഗോ നടപടി എല്ലാവരേയും കേള്‍ക്കാതെ, പ്രതികളെ സഹായിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി

ഇന്‍ഡിഗോ റിപ്പോർട്ട്‌ സംഭവത്തിൽ ഉൾപ്പെട്ടവരെ കേൾക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്.യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല.ഇപിയും ഗൺ മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് ഗൂഢാലോചന ഉണ്ടായി. യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

'ട്രോളിന് പിന്നിൽ മാനസിക രോഗികൾ, വിലക്കല്ല പുരസ്കാരമാണ് തരേണ്ടത്': കോൺഗ്രസുകാർക്ക് നിലവാരമില്ലെന്നും ഇപി

വിമാനത്തിനകത്ത് ആസൂത്രിതമായി മുഖ്യമന്ത്രിയെ ആക്രമിച്ച് വാർത്തയുണ്ടാക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇന്നും ആവർത്തിച്ചു. വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റി. തന്നെ വിലക്കുന്നതിന് പകരം പുരസ്കാരം നൽകുകയാണ് ഇൻഡിഗോ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എന്റെ ഭാഗത്ത് പിശകില്ല. അതിനകത്ത് (വിമാനത്തിൽ) യൂത്ത് കോൺഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാൾ മൗനം ദീക്ഷിച്ചായിരുന്നു. ഞാൻ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാൻഡ് ചെയ്ത ഉടൻ ഇവർ ചാടിയെഴുന്നേറ്റു. ഞാൻ രണ്ട് സീറ്റ് പിടിച്ച് നിന്നത് കൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവർക്ക് എത്താനായില്ല. അവരുടെ വിമാനത്തിൽ അക്രമം ചെയ്യാൻ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്കാരം നൽകുകയായിരുന്നു വേണ്ടത്.' ഇതായിരുന്നു ജയരാജന്റെ ഇന്നത്തെ പ്രതികരണം. 

ആറു മാസമായി നികുതി അടയ്ക്കുന്നില്ല, കുടിശിക പെരുകി; ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് കസ്റ്റഡിയില്‍

ഇൻഡിഗോ എയർലൈൻസിന്‍റെ ബസ്  ഗതാഗത വകുപ്പ് കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയത്തിനെ തുടർന്നാണ്  നടപടി. ഫറോക്ക് ചുങ്കത്ത് നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്ന് ആർടിഒ അധികൃതർ അറിയിച്ചു. എയർപോർട്ടിനുള്ളില്‍ യാത്രക്കാർക്ക് ആയി സർവീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. നികുതിയായി അടയ്ക്കാനുള്ളത് 40,000 രൂപയാണ്. സര്‍വീസ് സെന്‍ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. 

click me!